പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ പാമ്പ് പിടുത്ത ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; സംഭവം കൊയിലാണ്ടിയില്‍ പെരുമ്പാമ്പിനെ പിടിക്കാനായി പോകവെ
പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ പാമ്പ് പിടുത്ത ജീവനക്കാരന് സുരേന്ദ്രന് കരിങ്ങാടിനെ മര്‍ദ്ദിച്ചതായി പരാതി. പെരുവണ്ണാമൂഴിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോകവെ കായണ്ണയില്വെച്ചാണ് സുരേന്ദ്രന് മര്‍ദ്ദനമേറ്റത്. നവംബര്‍ 28നാണ് സംഭവം. കനാല്‍ റോഡില്‍വെച്ച് ഇന്നോവയിലെത്തിയ സംഘം മര്‍ദ്ദിച്ചെന്നാണ് സുരേന്ദ്രന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
കൊയിലാണ്ടി ഭാഗത്തെ ഫ്ളോര്‍മില്ലില്‍ പെരുമ്പാമ്പുണ്ടെന്നും ഇതിനെ പിടികൂടണമെന്നും ആവശ്യപ്പെട്ടതു പ്രകാരമാണ് സുരേന്ദ്രന് കൊയിലാണ്ടിയിലേക്ക് തിരിച്ചത്. റോഡില്‍ പെട്ടെന്ന് കാര്‍ പിന്നോട്ടെടുത്തപ്പോള്‍ ഇപ്പോള്‍ തന്റെ ദേഹത്തുകൂടി കയറുമായിരുന്നല്ലോയെന്ന് ചോദിച്ചിരുന്നു. ഇതില്‍ പ്രകോപിതരായി ഇവരും പ്രദേശത്തുണ്ടായിരുന്ന കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. നെഞ്ചിലും തലയ്ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ സുരേന്ദ്രനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റഫര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Summary: Complaint that an employee of Peruvannamoozhi Forest Office who caught a snake was beaten up