കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, കോഴിക്കോട് റെഡ് അലർട്ട്
തിരുവനന്തപുരം: അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷൻ ക്ലാസുകള്‍, മദ്രസകള്‍, കിൻഡർഗാർട്ടൻ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. വയനാട് മോഡല്‍ റസിഡൻഷ്യല്‍ സ്കൂളുകള്‍ക്ക് അവധിയില്ല. കോട്ടയത്തും കണ്ണൂരും മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഇടുക്കിയില്‍ പൂർണമായും റെസിഡൻഷ്യല്‍ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലയില്‍ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്ബുകളിലേക്ക് മാറണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Summary: Today is a holiday for educational institutions in five districts