കൊയിലാണ്ടിയില്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങള്‍; സ്‌റ്റേഷനറി കടയ്ക്ക് മുന്നില്‍ തീപിടിച്ചത് അണയ്ക്കുന്നതിനിടെ കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം
കൊയിലാണ്ടി: കൊയിലാണ്ടി എസ്.ബി.ഐ ബാങ്കിന് സമീപം പുലര്‍ച്ചെ രണ്ട് അപകടങ്ങള്‍ സംഭവിച്ചു. എസ്.ബി.ഐ ബാങ്കിന് സമീപത്തെ സ്റ്റേഷനറി കടക്ക് മുന്നില്‍ തീപിടിച്ചത് അണയ്ക്കുന്നതിനിടെ കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം.
ഇന്ന് പുലര്‍ച്ചെ 2.30 തോടെയാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്. എസ്.ബി.ഐ ബാങ്കിന് സമീപത്തെ കെ.ടി സ്റ്റാര്‍ എന്ന
സ്റ്റേഷനറി കടയ്ക്ക് മുന്നിലെ തട്ടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനിടെയാണ് കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്.
കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ അതുവഴി പോയ കാറിന്റെ മേലെ കല്ല് വീണ് കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ നിസ്സാരമായി പരിക്കേറ്റ ലോറി ഡ്രൈവറെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്രേഡ് എ.എസ്.ടി.ഓ മജീദ് എം.ന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ജാഹിര്‍ എം, ബിനീഷ് കെ, അനൂപ് എന്‍.പി, സനല്‍രാജ് കെ.എം, നിധിന്‍രാജ്, ഇന്ദ്രജിത്, ഹോംഗാര്‍ഡുമാരായ ഗോപിനാഥ്, ബാലന്‍ ഇ.എം, ഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.