ഈ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മൂടാടിയ്ക്ക് അഭിമാനം; കളഞ്ഞുകിട്ടിയ 35000 രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് ഭദ്രമായി ഉടമയെ ഏല്‍പ്പിച്ച് മൂടാടി പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍
മൂടാടി: ജോലിയ്ക്കിടെ കളഞ്ഞുകിട്ടിയ രേഖകളും പണവുമടങ്ങുന്ന പേഴ്‌സ് ഭദ്രമായി തിരികെ ഏല്‍പ്പിച്ച് മാതൃക കാട്ടി മൂടാടി പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍. ഷീബ, സുജ. ഗീത എന്നീ മൂന്ന് ഹരിത കര്‍മ്മ സേനാംഗങ്ങളുടെ മാതൃകാപരമായ പ്രവൃത്തിയ്ക്ക് അഭിനന്ദിക്കുകയാണ് പഞ്ചായത്ത്.
കഴിഞ്ഞ ദിവസം നന്തി ലൈറ്റ് ഹൗസ് റോഡില്‍ വെച്ച് കോടിക്കല്‍ ഭാഗത്ത് നിന്നും ഉച്ചയോടെയാണ് ഹരിത കര്‍മ്മ സേനയിലെ ഡ്രൈവറായ ഷീബയ്ക്ക് പണവും രേഖകളും അടങ്ങിയ പേഴ്‌സ് ലഭിക്കുന്നത്. എന്തുചെയ്യണമെന്നറിയാതെ പേഴ്‌സ് അതേപടി പഞ്ചായത്തില്‍ ഏല്‍പ്പിക്കുകയായിരുന്നു. 35000 ഗള്‍ഫ് പണവും ഡ്രൈവിംഗ് ലൈസന്‍സും ഉള്‍പ്പെടയുള്ള പേഴ്‌സായിരുന്നു ഷീബയ്ക്ക് ലഭിച്ചത്.
കോടിക്കല്‍ സ്വദേശിയായ ജംഷിയുടേതായിരുന്നു പേഴ്‌സും പണവും. എവിടെയായാണ് നഷ്ടപ്പെട്ടതെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ ജംഷിയെ പേഴ്‌സ് കളഞ്ഞുകിട്ടിയ വിവരം അറിയിക്കുന്നത്. ഉടനെ പഞ്ചായത്തിലേയ്ക്ക് തിരിക്കുകയായിരുന്നു ജംഷി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഗള്‍ഫ് ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ ലഭിച്ച സന്തോഷത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പാരിതോഷികവും ജംഷി കയ്യില്‍ കരുതിയിരുന്നു.
എന്നാല്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഇത് തുറന്നുനോക്കുക പോലും ചെയ്യാതെ നേരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കി. പണം നഷ്ടപ്പെട്ട ഒരാളുടെ വേദന എത്രത്തോളമുണ്ടെന്ന് തനിക്ക് അറിയാമെന്നും അതിനാല്‍ പേഴ്‌സ് അധികാരികളെ ഏല്‍പ്പിക്കുകയായിരുന്നെന്നും ഷീബ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നന്തി വീരവഞ്ചേരി സ്വദേശിനിയാണ് ഷീബ, കോടിക്കല്‍ സ്വദേശികളാണ് സുജയും.