കൊടുവള്ളിയിലെ സ്വര്‍ണ്ണ കവര്‍ച്ചാകേസ്; അ‍ഞ്ചുപേര്‍ പിടിയില്‍, 1.3 കിലോ സ്വർണവും കണ്ടെടുത്തു


കൊടുവള്ളി: കൊടുവള്ളിയിൽ ജ്വല്ലറി ഉടമയില്‍നിന്ന് രണ്ട് കിലോ സ്വർണം കവർന്ന കേസില്‍ അഞ്ചുപേർ പോലീസ് പിടിയില്‍. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. തൃശ്ശൂർ പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 1.3 കിലോ സ്വർണം പ്രതികളില്‍നിന്ന് കണ്ടെടുത്തു.

ബുധനാഴ്ച രാത്രി പത്തു മണിയോടെ കൊടുവള്ളി- ഓമശ്ശേരി റോഡില്‍ മുത്തമ്പലത്തുവെച്ചായിരുന്നു കവർച്ച നടന്നത്. കടയടച്ച്‌ വീട്ടില്‍ പോകുകയായിരുന്ന മുത്തമ്പലം കാവില്‍ ബൈജുവില്‍നിന്ന് കാറിലെത്തിയ സംഘം സ്വർണം കവരുകയായിരുന്നു. സ്കൂട്ടറില്‍ സഞ്ചരിച്ച ബൈജുവിനെ കാറില്‍ വന്ന സംഘം ഇടിച്ചിടുകയായിരുന്നു. കാർ നിർത്തി മൂന്നുപേർ ഇറങ്ങിവന്ന് സ്കൂട്ടറില്‍ വെച്ചിരുന്ന ബാഗെടുത്ത് കടന്നുകളഞ്ഞു.

സംഘം പോവാനൊരുങ്ങുന്നതിനിടെ ബാഗ് പിടിച്ചുവാങ്ങാൻ ശ്രമം നടത്തിയെങ്കിലും ബൈജുവിനെ തള്ളിയിട്ട് സംഘം കടന്നുകളയുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് ബൈജുവിന്റെ വലതുകൈയ്ക്കും വലതുകാലിനും പരിക്കുണ്ട്. വർഷങ്ങളായി കൊടുവള്ളിയില്‍ സ്വർണാഭരണ നിർമാണ യൂണിറ്റ് നടത്തിവരുകയാണ് ബൈജു.

Summary: koduvalli-gold-robbery-case-five-people-were-arrested-and-1-3-kg-of-gold-was-also-seized.