രാത്രിയുടെ മറവില്‍ സമരപന്തല്‍ തകര്‍ത്തു; പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് ബഹുജനമാര്‍ച്ച്


മേപ്പയ്യൂര്‍: പുറക്കാമല സംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ നൂറ്കണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സമര പന്തല്‍ തകര്‍ത്ത നിലയില്‍. ഇന്നലെ രാത്രിയോടെയാണ് സംഭവം. ക്വാറിമാഫിയ ഗുണ്ടകളാണ് സമരപ്പന്തല്‍ തകര്‍ത്തതെന്നാണ് സമരസമിതി ആരോപിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് മേപ്പയ്യൂര്‍ പോലീസില്‍ പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പരാതി നല്‍കി.

ഇതില്‍ പ്രതിഷേധിച്ച് കാലത്ത് നടന്ന പ്രതിഷേധപ്രകടനം സംഘടിപ്പിച്ചിരുന്നു. ശേഷം മണപ്പുറം മുക്കില്‍ ചേര്‍ന്ന പ്രതിഷേധ പൊതുയോഗത്തില്‍ ചെയര്‍മാന്‍ ഇല്യാസ് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി കെലോഹ്യ ഉദ്ഘാടനം ചെയ്തു. വി.എ.ബാലകൃഷ്ണന്‍, കീഴ്‌പ്പോട്ട് അമ്മത് കമ്മന ഇസ്മയില്‍, മുരളീധരന്‍, കെ. സിറാജ് എന്നിവര്‍ പ്രസംഗിച്ചു.

പുറക്കാമലയില്‍ നടത്തുന്ന കരുങ്കല്‍ ഖനനത്തിനെതിരെ വര്‍ഷങ്ങളായി പ്രതിഷേധം ശക്തമാണ്. നിരവധി തവണ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിന്ന് അനുമതി നിഷേധിക്കപ്പെട്ട ശേഷം ഹൈക്കോടതിയില്‍ നിന്ന് പ്രത്യേക ഉത്തരവ് നേടിയാണ് ക്വാറി പ്രവര്‍ത്തനം ആരംഭിച്ചത്. ക്വാറി പ്രവര്‍ത്തകരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും പതിവായിരുന്നു. ഇതിനെതുടര്‍ന്ന് പുറക്കാമല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സമരപ്പന്തല്‍ നിര്‍മ്മിക്കുകയായിരുന്നു. സമരപ്പന്തല്‍ തകര്‍ത്തതിനെതിരെയും ഖനനം നടത്താനുള്ള നീക്കത്തിനെതിരെയുമാണ് ബഹുജനമാര്‍ച്ച്. വൈകീട്ട് നാല് മണിക്ക് സമരപ്പന്തലില്‍ നിന്നും ക്വാറിയിലേയ്ക്കാണ് മാര്‍ച്ച്.