”നായയുടെ കരച്ചില്‍കേട്ട് നോക്കുമ്പോള്‍ പുലിപോലെ ഒരു ജീവി ആക്രമിക്കുന്നു”; ചക്കിട്ടപ്പാറ പൂഴിത്തോട് മേഖലയില്‍ വളര്‍ത്തു നായകള്‍ ആക്രമിക്കപ്പെട്ടു, പുലിതന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്


ചക്കിട്ടപ്പാറ: പൂഴിത്തോട് മാവട്ടം മേഖലയില്‍ വളര്‍ത്തുനായകളെ അജ്ഞാതജീവി ആക്രമിച്ചു കൊന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരു നായയെ കടിച്ചുകൊണ്ടുപോകുകയും മറ്റൊന്നിന് വീട്ടുകാര്‍ ബഹളംവെച്ചതോടെ വീട്ടില്‍തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. ആക്രമിച്ചത് പുലിതന്നെയെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

മാവട്ടം വാട്ടര്‍ടാങ്ക് പ്രദേശത്തെ കുന്നത്ത് സന്തോഷിന്റെ കൂട്ടില്‍ ഉണ്ടായിരുന്ന നായയെയാണ് ആദ്യം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 11.45നായിരുന്നു സംഭവമെന്ന് സന്തോഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നായയുടെ ബഹളം കേട്ടാണ് നോക്കിയത്. പുള്ളിപ്പുലി പോലെ ഒരു ജീവി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ബഹളംവെച്ചതോടെ അത് ഓടിപ്പോയി. നായ ചാവുകയും ചെയ്തു. രാത്രിതന്നെ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ഇവര്‍ പരിശോധനയ്ക്കായി എത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സമീപത്തുള്ള സെന്റ് ജോസഫ് വിലാസം ജോസഫിന്റെ വളര്‍ത്തു നായയും ആക്രമിക്കപ്പെട്ടത്. ഇതിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പൂഴിത്തോട്, ചെമ്പനോട മേഖലകളില്‍ പുലി ഇറങ്ങിയിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മുതുകാട് പ്രദേശത്തും പുലിയുണ്ടായിരുന്നു പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇ.ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാത്രിയിലും പകലും നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Summary: An unknown creature attacked and killed domestic dogs in Chakkittapara Puzhithod area