പണയസ്വര്‍ണം തിരിച്ചെടുക്കാനുപയോഗിച്ച അഞ്ച് ലക്ഷം തിക്കോടിയില്‍ നിന്ന് കണ്ടെടുത്തു; കൊയിലാണ്ടിയിലെ കവര്‍ച്ചാ നാടകക്കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി
കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതികളായ പയ്യോളി ബീച്ച് സുഹാന മന്‍സില്‍ സുഹൈല്‍, തിക്കോടി കോടിക്കല്‍ ഉമ്മര്‍ വളപ്പില്‍ താഹ, തിക്കോടി കോടിക്കല്‍ പുളിവളപ്പില്‍ യാസര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയശേഷം വീണ്ടും റിമാന്‍ഡ് ചെയ്തു. ആറേകാല്‍ ലക്ഷത്തോളം രൂപ രണ്ടുദിവസത്തെ തെളിവെടുപ്പിനിടെ കണ്ടെടുത്തിട്ടുണ്ട്. രണ്ടാം പ്രതി താഹ തിക്കോടിയിലെ കാത്തോലിക് ബാങ്കില്‍ നല്‍കിയ അഞ്ച് ലക്ഷത്തിലേറെ രൂപയും താഹയുടെ ഭാര്യയുടെ പക്കല്‍ നിന്നും ഒരുലക്ഷം രൂപയുമാണ് കണ്ടെടുത്തത്. നേരത്തെ വില്യാപ്പിള്ളിയിലെ ഒരു ആരാധാനാലയത്തില്‍ നിന്നും 37 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഇതിനു പുറമെ താഹ മറ്റൊരാള്‍ക്ക് നല്‍കിയ അഞ്ച് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു.
പ്രതി സുഹൈലിനെ കയ്യുംകാലും കെട്ടിയ കോഴിക്കോട് വെസ്റ്റ് ഹില്‍ ബീച്ച് റോഡ് സൈഡ്, കെട്ടാനായി ചൂടിയും ദേഹത്ത് വിതറാന്‍ മുളകുപൊടിയും വാങ്ങിയ മൂടാടിയിലേയും ചെങ്ങോട്ടുകാവിലെയും കടകള്‍, കൊയിലാണ്ടിയിലെ ഫെഡറല്‍ ബാങ്ക്, അരിക്കുളം എന്നിവിടങ്ങളില്‍ ഇന്നലെ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് തിക്കോടി കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി ബീച്ച്, ബാഗും പര്‍ദ്ദയും ഉപേക്ഷിച്ച തുറശ്ശേരികടവ് പാലം എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കൊയിലാണ്ടി സി.ഐ, ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്യത്തിലായിരുന്നു തെളിവെടുപ്പ്. എസ്.ഐമാരായ കെ.പി.ഗിരീഷ്, ജിതേഷ്, പി.മനോജ് കുമാര്‍, എസ്.സി.പി.ഒ സതീഷ് കുമാര്‍, ഡ്രൈവര്‍ സുരേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
സംഭവം നടന്ന അരിക്കുളം ഭാഗത്ത് നിന്നു മുതല്‍ കാട്ടിലപീടികവരെ നൂറോളം സി.സി.ടി.വി.കള്‍ പരിശോധിക്കുകയും ചെയ്തു. സുഹൈലിന്റെ കാറിനു പിന്നിലായി കവര്‍ച്ചാ സംഘത്തിലുള്ളവര്‍ പിന്തുടര്‍ന്നതായി ദൃശ്യങ്ങളില്‍ കണ്ടതോടെ പോലീസിനു കാര്യങ്ങള്‍ മനസ്സിലായി. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുഹൈല്‍ സഹകരിച്ചിരുന്നില്ല. പോലീസിന് കാര്യങ്ങള്‍ വ്യക്തമായി എന്നറിഞ്ഞതോടെയാണ് സുഹൈല്‍ എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്നു പറഞ്ഞത്.
വണ്‍ ഇന്ത്യ എ.ടി.എം കമ്പനിയുടെതായിരുന്നു പണം. സാധാരണയായി ബൈക്കിലാണ് പണം കൊണ്ടു പോകാറുള്ളത്. അന്നേ ദിവസം കാറിലാണ് പോയത്. സുഹൈല്‍ ഒറ്റയ്ക്കായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. 62ലക്ഷം രൂപ ബാങ്കുകളില്‍ നിന്നും സുഹൈല്‍ പിന്‍വലിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ മനസ്സിലാക്കി. 62 ലക്ഷം രൂപയാണ് കൃത്യമായി നഷ്ടമായത്. എ.ടി.എം കരാര്‍ എടുത്ത മുഹമ്മദ് 72 ലക്ഷം രൂപ പോയതായാണ് പോലീസില്‍ മൊഴി നല്‍കിയത്.
സുഹൈലിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നു എന്നായിരുന്നു പരാതി. അരിക്കുളം കുരുടിമുക്കില്‍ നിന്നും കാറില്‍ പണവുമായി വരവെ കാറിനു മുന്നില്‍ ചാടിയവര്‍ മുളക് പൊടി വിതറിയെന്നും പിന്നീട് ഒന്നും ഓര്‍മ്മയില്ലെന്നും 25 ലക്ഷം നഷ്ടപ്പെട്ടെന്നുമാണ് സുഹൈല്‍ പറഞ്ഞത്. കാട്ടില്‍ പീടികയില്‍ കാറില്‍ കെട്ടിയിട്ട നിലയിലാണ് നാട്ടുകാര്‍ സുഹൈലിനെ കണ്ടെത്തിയത്. ശരീരത്തിലും സുഹൈലിന്റെ കാറിലും മുളക് പൊടി വിതറിയിരുന്നു.
വണ്‍ ഇന്ത്യാ എടിഎം കരാര്‍ ജീവനക്കാരനാണ് സുഹൈല്‍. സുഹൈലിന്റെ പരാതിയില്‍ സംശയം തോന്നിയ പോലീസ് അന്വേഷണം ഞൊടിയിടയില്‍ തന്നെ ആരംഭിച്ചു. സുഹൈലിന്റെ മൊഴില്‍ തുടക്കത്തിലെ സംശയം തോന്നിയ പോലീസ് അന്വേഷം പുരോഗമിച്ചതോടെ പരാതിക്കാരന്‍ തന്നെ പ്രതിയാവുകയായിരുന്നു. സുഹൈലിന്റെ കള്ളക്കഥകള്‍ പൊളിയുകയും ചെയ്തു. താഹയും സുഹൈലുമാണ് മോഷണം ആസൂത്രണം ചെയ്തത്.