മലാപ്പറമ്പ് ജങ്ഷനില്‍ ഓവര്‍പാസ് നിര്‍മ്മിക്കാന്‍ ഗതാഗതനിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു- വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: മലാപ്പറമ്പ് ജങ്ഷനില്‍ ഓവര്‍പാസ് നിര്‍മിക്കാന്‍ ഇന്നലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മലാപ്പറമ്പ് ജങ്ഷനില്‍ 45 മീറ്റര്‍ ചുറ്റളവില്‍ താല്‍ക്കാലികമായി ബാരിയര്‍ വച്ചു റൗണ്ട് എബൗട്ട് സ്ഥാപിച്ചു. ഇതിനകത്തു 15 മീറ്റര്‍ ആഴം കൂട്ടി മണ്ണെടുത്താണു മേല്‍പാലം നിര്‍മാണം നടക്കുക.

വയനാട് ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങള്‍ വെള്ളിമാടുകുന്ന് പൂളക്കടവ് ജംക്ഷനില്‍ ഇടത് തിരിഞ്ഞു ഇരിങ്ങാടന്‍പ്പള്ളി, ചേവരമ്പലം വഴി ബൈപാസില്‍ കയറി തൊണ്ടയാട് വഴിയോ മലാപ്പറമ്പ് കയറിയോ നഗരത്തിലേക്ക് പോകാം. നഗരത്തില്‍ നിന്നു വയനാട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ എരഞ്ഞിപ്പാലത്തു നിന്നു ഇടത് തിരിഞ്ഞു കരിക്കാന്‍കുളം റോഡില്‍ കയറി വേദവ്യാസ സ്‌കൂളിനു സമീപത്തെ അടിപ്പാത വഴി മലാപ്പറമ്പില്‍ എത്തി വയനാട് റോഡില്‍ കയറി പോകേണ്ടതാണ്.

കണ്ണൂര്‍ ഭാഗത്തു നിന്നു രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ വെങ്ങളം ജംങ്ഷനില്‍ നിന്നു ബീച്ച് റോഡില്‍ കയറി മുഖദാര്‍, പുഷ്പ ജംക്ഷന്‍ വഴി രാമനാട്ടുകര ഭാഗത്തേക്ക് പോകേണ്ടതാണ്. കൊച്ചി, പാലക്കാട് ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങള്‍ തൊണ്ടയാട് നിന്നു ഇടത് തിരഞ്ഞു കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്തു കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണെന്നു ദേശീയപാത അധികൃതര്‍ അറിയിച്ചു.

നിലവില്‍ മലാപ്പറമ്പ് ജങ്ഷനില്‍ നാല് ട്രാഫിക് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ നാലംഗ സംഘമുള്‍പ്പെടുന്ന ട്രാഫിക്, ചോവായൂര്‍ കണ്ട്രോള്‍ റൂം വാഹനവും ജങ്ഷനില്‍ നിലയുറപ്പിക്കുന്നുണ്ട്.