ചങ്ങരോത്തെ ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള ഗ്രാമപഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധിച്ച് ജനകീയ കണ്‍വെന്‍ഷന്‍; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധത്തിനൊരുങ്ങി പ്രദേശവാസികള്‍


കടിയങ്ങാട്: കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം (സബ്ബ് സെന്റര്‍) മാറ്റാനുള്ള ഗ്രാമപഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. വര്‍ഷങ്ങളായി കടിയങ്ങാട് പ്രവര്‍ത്തിച്ചു വരുന്ന സബ് സെന്ററാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിലെ മറ്റൊരിടത്തേക്ക് മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കെ. ചാത്തന്‍ മേനോന്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ആരോഗ്യ കേന്ദ്രമാണ് പ്രസ്തുത സ്ഥലത്ത് നിന്ന് മാറ്റി വടക്കുമ്പാടേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

കഴിഞ്ഞ മാസത്തെ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ സബ്ബ് സെന്റര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ദേശീയ ആരോഗ്യ മിഷന്റെ 55 ലക്ഷം രൂപ 2022- 23 സാമ്പത്തിക വര്‍ഷം അനുവദിച്ചിരുന്നു. ഈ തുക കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന സബ്ബ് സെന്ററിനാണ് അനുവദിച്ചതെന്നും ഇത് മറ്റൊരിടത്തേക്ക് മാറ്റാന്‍ അനുവദിക്കുകയില്ലെന്നും, ഭരണ സമിതിയുടെ അനാസ്ഥ മൂലം പ്രവൃത്തി അരംഭിക്കാത്തതിനാല്‍ ഫണ്ട് ലാപ്സായി പോകുമെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. വിഷയത്തില്‍ പ്രദേശത്തെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

പ്രദേശത്തെ ജനപ്രതിനിധികള്‍ രക്ഷാധികാരികളായും എസ്.സുനന്ദ് (ചെയര്‍മാന്‍ ) ഇല്ലത്ത് മീത്തല്‍ അഷ്‌റഫ് (കണ്‍വീനര്‍) , നരിമംഗലത്ത് രവീന്ദ്രന്‍ (ട്രഷറര്‍ ) എന്നിവര്‍ ഭാരവാഹികളായി 251 അംഗ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.ടി സരീഷ്, കെ.എം.ഇസ്മയില്‍, കെ.ടി. മൊയ്തീന്‍, കെ. മുബഷിറ, വി.കെ. ഗീത, രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികളായ, സി.കെ.നാരായണന്‍, പുല്ലാക്കുന്നത്ത് ഇബ്രായി, സി.കെ.ലീല, പുനത്തില്‍ അബ്ദുള്ള, എന്‍.ജയശീലന്‍, ഇ.എന്‍.സുമിത്ത്, റഷീദ് കരിങ്കണ്ണിയില്‍, കെ.പി.ശ്രീധരന്‍, സഫിയ പടിഞ്ഞാറയില്‍, ലൈജു കോറോത്ത്, കെ.എം.രാജന്‍, ഷിജി ശ്രീധരന്‍, പാതിരിക്കുന്നുമ്മല്‍ രയരപ്പന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.