പേരാമ്പ്ര ചാലിക്കരയിലെ അക്യുപഞ്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ അതിക്രമം; ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല, പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: ചാലിക്കരയിലെ അക്യുപഞ്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സ്ഥാപനം മറയാക്കി യുവതിയെ അതിക്രമിച്ച സംഭവത്തില്‍ ഇര പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താതെ പോലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചാണ്‌ ഡി.വൈ.എഫ്.ഐ ഇന്ന് രാവിലെ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.

അക്യുപഞ്ചര്‍ സ്ഥാപനത്തിലേക്ക് നടത്തിയ മാര്‍ച്ച് പേരാമ്പ്ര പൊലീസ് തടഞ്ഞു. പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ച മുമ്പാണ് പേരാമ്പ്ര സ്വദേശിയായ യുവതിക്ക് നേരെ അതിക്രമം നടന്നത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കെ.സി അഭിജിത്ത് അധ്യക്ഷത വഹിച്ചു. എസ്.ബി അര്‍ജ്ജുന്‍ സ്വാഗതം പറഞ്ഞു. സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മറ്റി അംഗം പി.സ്വരാജ്, ആദിത്യ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് നേതാക്കള്‍ പറഞ്ഞു. മാര്‍ച്ചിന് സനൂപ് ചാലിക്കര, മിഥുന്‍ സി, ഒ. അഭിജാത്, എന്‍.പി ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.

Description: Assault on young woman in Perambra; The accused was not arrested, DYFI protested