കച്ചേരി,തിരുവാതിരക്കളി, സംഘനൃത്തം; പത്താം വാര്‍ഷികം ആഘോഷമാക്കി അഭയപുരി റസിഡന്റ്‌സ് അസോസിയേഷന്‍


ചേമഞ്ചേരി: അഭയപുരി റസിഡന്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. പരിപാടിയില്‍ വിവിധ മേഖലകളില്‍ ഉന്നതവിജയം കൈവരിച്ചവരെ ആദരിച്ചു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുഖ്യാതിഥിയായി. ചേലിയ കഥകളി വിദ്യാലയം പ്രിന്‍സിപ്പാളും കഥകളി ആചാര്യനുമായ കലാമണ്ഡലം പ്രേംകുമാറിനെ ആദരിച്ചു.

ഉണ്ണിഗോപാലന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. സതി കിഴക്കയില്‍ ഉപഹാരം സമ്മാനിച്ചു. കൂടാതെ ഐ.എച്ച്.ആര്‍.ഡി ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ലഭിച്ച അശ്വതി അര്‍ജ്ജുന്‍, ലെഫ്റ്റനന്റ് കേണല്‍ വാസുദേവന്‍ പൊന്മന, കൃഷി കൂട്ടായ്മയിലെ അംഗങ്ങളേയും എസ്. എസ്. എല്‍. സി – പ്ലസ് ടു വിജയികള്‍ എന്നിവര്‍ക്കുള്ള ഉപഹാരം നല്‍കി ആദരിച്ചു. മുസ്തഫ.പി.പി, എന്‍. ഉണ്ണി, ശിവദാസന്‍ സായ, സത്യനാഥന്‍ മാടഞ്ചേരി, പി. ഹാരിസ് എന്നിവര്‍ ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് സ്‌കിറ്റില്‍ എ ഗ്രേഡ് നേടിയ ദേവികയ്ക്ക് വാര്‍ഡ് മെമ്പര്‍ ഗീത മുല്ലോളി ഉപഹാരം നല്‍കി അനുമോദിച്ചു. അസോസിയേഷന്‍ അംഗമായ മുതിര്‍ന്ന കര്‍ഷകനായ കുനിക്കണ്ടി കൃഷ്ണന്‍ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കലാമണ്ഡലം ശിവദാസ്, കലാമണ്ഡലം പ്രേംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ശങ്കരപദം എന്ന പേരിലുള്ള കഥകളിപദകച്ചേരി നടന്നു.

തുടര്‍ന്ന് ശശി പൂക്കാട് സംവിധാനം ചെയ്ത കാവല്‍ക്കൂത്ത് എന്ന നാടകം അഭയപുരി റസിഡന്‍സ് അംഗങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റ് സര്‍വ്വെ, അശ്വതി അര്‍ജ്ജുനും സംഘവും അവതരിപ്പിച്ച മേഘരാഗം എന്ന നൃത്തശില്പം, സംഘഗാനങ്ങള്‍, ഒപ്പന, തിരുവാതിരക്കളി, സംഘനൃത്തങ്ങള്‍, സിനിമാറ്റിക്ക് ഡാന്‍സുകള്‍, എന്നിവ അരങ്ങേറി.

ചടങ്ങില്‍ ബിനേഷ് ചേമഞ്ചേരി, മണികണ്ഠന്‍ മേലേടുത്ത്, രാജന്‍ കളത്തില്‍, ബാലകൃഷ്ണന്‍ ചൈത്രം എന്നിവര്‍ സംസാരിച്ചു. കലാമണ്ഡലം ശിവദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സഞ്ജീവന്‍ കളത്തില്‍ സ്വാഗതവും കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.