കുറ്റകൃത്യത്തിലേക്ക് നയിച്ചത് ജോലിയില്‍ നിന്നും ഒഴിവാക്കിയതിനുള്ള വൈരാഗ്യം; നന്തിയില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പയ്യോളി പെരുമാള്‍പുരം സ്വദേശി റിമാന്റില്‍
കൊയിലാണ്ടി: നന്തിയില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതി റിമാന്റില്‍. പയ്യോളി പെരുമാള്‍പുരം സ്വദേശിയായ വിനോദ് കുമാര്‍ ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് കൊയിലാണ്ടി പോലീസ് പിടികൂടുന്നത്.
ഒക്ടോബര്‍ 17ന് രാത്രി ഏഴുമണിയോടെയാണ് നന്തി സ്വദേശി ഒറ്റക്കണ്ടത്തില്‍ രോഹിത്തി (26) നെ പ്രതി വെട്ടിയത്. ദേശീയപാത ഭാഗമായുള്ള അടിപ്പാതയുടെ നിര്‍മ്മാണം നടക്കുന്നതിന് അടിഭാഗത്തുവെച്ചായിരുന്നു സംഭവം. രോഹിത്തിന്റെ കാലിനായിരുന്നു വെട്ടേറ്റത്.
നന്തി സഹകരണ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായിരുന്നു പിടിയിലായ വിനോദ് കുമാര്‍. ഇയാള്‍ക്ക് കഞ്ചാവിന്റെ ഇടപാടുണ്ടെന്നും അതിനാല്‍ വിനോദിനെ ജോലിയില്‍ ഒഴിവാക്കണമെന്നും രോഹിത്ത് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. പിന്നാലെ ഇയാളെ ജോലിയില്‍ നിന്നും അധികൃതര്‍ പുറത്താക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് വിനോദ് രോഹിത്തിനെ വെട്ടിയത് എന്നാണ് പോലീസ് പറയുന്നത്.
Description: Payyoli Perumalpuram native remanded in Nandi stabbing incident