‘തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്നു, പിന്നെ വാതില്‍ തുറന്നില്ല’; ട്രെയിനില്‍ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


പാലക്കാട്: എറണാകുളത്ത് ട്രെയിനില്‍ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ കാരക്കാട് മുല്ലക്കല്‍ സ്വദേശി സന്തോഷ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയോടെ അമ്മയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നീട് വാതില്‍ തുറന്നില്ലെന്ന് അമ്മ പറയുന്നു. ഒറ്റപ്പാലം താലൂക്കില്‍ തഹസില്‍ദാറുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സന്തോഷ്.

ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റും.