റേഷന്‍കാര്‍ഡില്‍ നിന്ന് മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍; അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും


കോഴിക്കോട്: റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്നാണ് റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാം. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങള്‍ എന്‍.ആര്‍.കെ പട്ടികയിലേയ്ക്ക് മാറ്റാനാവും. എന്‍.ആര്‍.കെ പട്ടികയിലേയ്ക്ക് മാറ്റാന്‍ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി. മസ്റ്ററിംഗ് നടത്തിയവര്‍ക്കേ ഭാവിയില്‍ ഭക്ഷ്യധാന്യം ലഭിക്കുകയുള്ളൂ. നിലവില്‍ നീല കാര്‍ഡിലെ അംഗങ്ങള്‍ക്ക് മസ്റ്ററിംഗിന് നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും ഈവിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിര്‍ബന്ധമായും നീക്കും.

കൂടാതെ കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും. റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. ജില്ലയില്‍ മഞ്ഞ, പിങ്ക്, കാര്‍ഡുകളിലായി 13,70,046 പേരുണ്ട്. ഇതില്‍ 83 ശതമാനത്തോളമാണ് മസ്റ്ററിംഗ് ചെയ്തത്. ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിര്‍ദേശിച്ചത്.