കൊയിലാണ്ടിയിലെ കവര്‍ച്ച നാടകം; തിക്കോടി സ്വദേശിയായ മൂന്നാം പ്രതിയെയും അറസ്റ്റ് ചെയ്ത് പോലീസ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന വ്യാജ സംഭവത്തില്‍ മൂന്നാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു. തിക്കോടി പുതിയവളപ്പില്‍ മുഹമ്മദ് യാസിര്‍ പി.വി (20) യെ ആണ് വടകര വില്യാപ്പള്ളിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ എ.ടി.എം റീഫില്‍ ഏജന്റ് സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് തെളിഞ്ഞതോടെ സുഹലിനെയും കൂട്ടാളിയായ താഹയെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
താഹയില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കൊയിലാണ്ടിയില്‍ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയില്‍വെച്ച് പര്‍ദ്ദാ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തില്‍ മുളക് പൊടി വിതറുകയും തലയ്ക്ക് മര്‍ദ്ദിക്കുകയും ചെയ്ത് ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല.
സുഹൈലിന്റെ കണ്ണില്‍ മുളകുപൊടി ആയിട്ടില്ലെന്നതും തലയ്ക്ക് അടിയേറ്റതായി വൈദ്യപരിശോധനയില്‍ സൂചനയൊന്നും ലഭിക്കാതിരുന്നതും സംശയം വര്‍ധിപ്പിച്ചു. കാട്ടിലപ്പീടികയില്‍ സുഹൈലിനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ കാറിന്റെ പിറകിലെ ഗ്ലാസ് തുറന്ന നിലയിലുമായിരുന്നു.
25ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സുഹൈല്‍ പറഞ്ഞത്. എന്നാല്‍ സുഹൈല്‍ ജോലി ചെയ്തിരുന്ന ഏജന്‍സി വ്യക്തമാക്കിയത് 72ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയും കൂട്ടാളിയും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് വ്യക്തമായത്. കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമനെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റില്‍ ഹാജരാക്കി.