മനാഫിനെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടില്ല; എഫ്.ഐ.ആറിൽ നിന്നും ഒഴിവാക്കുമെന്ന് പോലീസ്, ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും തീരുമാനം


കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കുമെന്ന് പോലീസ് പറഞ്ഞു. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. അന്വേഷണം നടത്തി ആവശ്യമെങ്കില്‍ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയില്‍ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. മതവൈരം വളർത്തുന്നരീതിയിൽ പ്രചാരണങ്ങൾ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലിൽ കമന്റിട്ട ഒട്ടേറെപ്പേർക്കെതിരേയും നടപടിയുണ്ടാകും.

ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. സഹിക്കാനാകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Summary: The family has not asked that Manaf be sued; Will be exempted from FIR and case will be filed against YouTubers