സ്കൂട്ടറിൽ കറങ്ങി കഞ്ചാവ് വിൽപ്പന; കോഴിക്കോട് നഗരത്തിൽ മധ്യവയസ്‌കൻ പിടിയിൽ
കോഴിക്കോട്: നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്കൂട്ടറിൽ കറങ്ങി കഞ്ചാവ് വില്‍പന. മധ്യവയസ്‌കൻ അറസ്റ്റില്‍. പുതിയപാലം സ്വദേശി ദുഷ്യന്തനെയാണ് പോലീസ് പിടികൂടിയത്. വില്‍പനക്കായി കൊണ്ടുവന്ന 475 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഇരുപതോളം കേസുകളില്‍ പ്രതിയാണ് പിടിയിലായ ദുഷ്യന്തന്‍. മെഡിക്കല്‍ കോളജ് പൊലീസും ഡന്‍സാഫും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മായനാട് നടപ്പാലത്താണ് പ്രതി താമസിച്ചിരുന്നത്.
വിഷുവിനോടനുബന്ധിച്ച് ജില്ലയില്‍ മയക്കുമരുന്നുകടത്ത് വ്യാപകമാകുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ആമോസ് മാമ്മന്‍ നഗരത്തില്‍ വാഹനപരിശോധനകള്‍ ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജ് സബ് ഇന്‍സ്പെക്ടര്‍ രമേഷ് കുമാര്‍, ഡന്‍സാഫ് അസി. സബ് ഇന്‍സ്പെക്ടര്‍ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.