ചേമഞ്ചേരിയില്‍ ഇതുവരെ കനാല്‍ വെള്ളമെത്തിയില്ല; ഇറിഗേഷന്‍ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും


ചേമഞ്ചേരി: വേനല്‍ കടുത്തിട്ടും ചേമഞ്ചേരിയില്‍ കനാല്‍ വെള്ളം എത്താത്തതിനാല്‍ പ്രതിഷേധവുമായി ചേമഞ്ചേരിയിലെ ജനപ്രതിനിധികള്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന്റെ നേതൃത്വത്തില്‍ പ്രസിഡന്റും മെമ്പര്‍മാരും ഇറിഗേഷന്‍ ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി.

ചേമഞ്ചേരി പഞ്ചായത്തില്‍ റെയിലിന് കിഴക്കുഭാഗത്ത് വരൾച്ചയ്ക്ക് ഇടയാക്കിയത് കനാല്‍ കൃത്യസമയത്ത് തുറക്കാത്തതാണ്. പല കിണറുകളും നേരത്തെ തന്നെ വറ്റിയെന്നും കനാല്‍ വെളളം പ്രതീക്ഷിച്ചു ചെയ്ത കൃഷിയെല്ലാം നശിച്ചെന്നും ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തുവന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ജലവിഭവ വകുപ്പ് മന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് നാളെ വെള്ളം എത്തിക്കാമെന്ന് ഇറിഗേഷന്‍ ഓഫീസില്‍ നിന്നും ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കനാല്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ അധികം ജലം തുറന്നുവിട്ടാല്‍ പൊട്ടുമോയെന്ന ഭീതിയുള്ളതിനാലാണ് വെള്ളം തുറന്നുവിടാത്തതെന്നാണ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിശദീകരണം.