ഉള്ള് പിടഞ്ഞിട്ടും അവന്‍ സ്‌പൈക്ക് അണിഞ്ഞു, മൈതാനം അവനെ ചേർത്തണച്ചു; സങ്കടക്കടല്‍ താണ്ടി വെങ്ങളം സ്വദേശി മുഹമ്മദ് മിര്‍ഷാഫിന്റെ സ്വര്‍ണത്തിളക്കം


ചേമഞ്ചേരി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ഇന്നലെ സ്‌പൈക്ക് അണിഞ്ഞ്‌ ഇറങ്ങുമ്പോള്‍ മിര്‍ഷാഫിന്റെ ഉള്ളൊന്നു പിടഞ്ഞിരുന്നു. എന്നാല്‍ അവസാനനിമിഷം സ്വര്‍ണമെഡല്‍ നേടിയതോടെ ആശ്വാസമായി. ഉപ്പയുടെ വേര്‍പാടിന്റെ വേദനയിലാണ് മിര്‍ഷാഫ് ഇന്നലെ ജില്ലാ ജൂനിയര്‍ അത് ല്റ്റിക് മീറ്റില്‍ അണ്ടര്‍ ഫിഫ്റ്റീന്‍ ലോങ് ജംപ് മത്സരത്തിനായി സ്‌ക്കൂള്‍ ടീമിനൊപ്പം ഗ്രൗണ്ടിലെത്തിയത്.

ഉപ്പയുടെ മരണശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മിര്‍ഷാഫ്‌ സ്‌ക്കൂളിലേക്ക് പോയിരുന്നില്ല. തിങ്കളാഴ്ച വീണ്ടും സ്‌ക്കൂളിലേക്ക് പോവാന്‍ ഇരിക്കുന്നതിനിടെയാണ് പ്രിന്‍സിപ്പാള്‍ ഷജീന ഫോണിലൂടെ വിളിക്കുന്നത്. നീ മത്സരത്തിന് എത്തില്ലേയെന്ന് ചോദിച്ചതോടെയാണ് വേദനകള്‍ മറന്ന് മിര്‍ഷാഫ് മത്സരത്തിനെത്തിയത്.

പാവങ്ങാട് എംഇഎസ് സെന്റട്രല്‍ സ്‌ക്കൂളിലെ സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ കൂടിയായ മിര്‍ഷാഫ് പഠനകാലത്ത് തന്നെ സ്‌പോര്‍ടിസില്‍ സജീവമായിരുന്നു. സ്‌ക്കൂളിലെ കായിക അധ്യാപകരായ സാബിത്തിന്റെയും അഖിഷയുടെയും പൂര്‍ണ പിന്തുണയിലാണ് മിര്‍ഷാഫ് ഇന്നലെ ഗ്രൗണ്ടിലെത്തിയത്. മൂന്നാഴ്ച ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പിതാവ് വെങ്ങളം കാട്ടിലെപ്പീടിക താഴെ പീടികശാലകണ്ടി നജ്‌റുഫ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

Description: Mirshaf, a native of Velamam, won a gold medal in sports