ചരിത്ര വിജയമായി പുളിയഞ്ചേരി സൗത്ത് എൽ പി സ്കൂൾ; എൽ എസ് എസ് സ്കോളർഷിപ്പ് നേടിയത് 22 വിദ്യാർഥികൾ


കൊയിലാണ്ടി: എൽ എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം കരസ്ഥമാക്കി പുളിയഞ്ചേരി സൗത്ത് എൽ പി സ്കൂൾ. 22 വിദ്യാർഥികളാണ് ഇത്തവണ സ്കൂളിൽനിന്ന് എൽഎസ്എസ് സ്കോളർഷിപ്പിന് അർഹരായത്. കൊയിലാണ്ടി സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എൽഎസ്എസ് വിജയികളെ സമ്മാനിച്ച എയ്ഡഡ് സ്കൂൾ എന്ന പ്രത്യേകതയും പുളിയഞ്ചേരിക്കുണ്ട്. നാൽപതോളം വിദ്യാർഥികളാണ് ഇത്തവണ എൽഎസ്എസ് പരീക്ഷ എഴുതിയത്. അവരിൽ 22 പേർക്കും സ്കോളർഷിപ്പ് ലഭിച്ചത് സ്കൂളിന് ഇരട്ടിമധുരമായി.

നാലാം ക്ലാസിലെ പഠനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ എൽഎസ്എസ് പരീക്ഷയ്ക്കായി ചിട്ടയായ പരിശീലനം വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഇതാണ് ഇത്തരമൊരു വിജയത്തിന് വിദ്യാലയത്തെ പ്രാപ്തമാക്കിയതെന്ന് അദ്ധ്യാപിക പ്രിൻസി ടി.വി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ആദ്യഘട്ടത്തിൽ ക്ലാസുകൾ വാട്സാപ്പ് വഴി ഓൺലൈനായാണ് നൽകിയത്. സ്കൂൾ തുറന്നപ്പോൾ വൈകീട്ട് നാലു മണിക്ക് ശേഷം ദിവസം രണ്ടു മണിക്കൂറോളം എൽഎസ്എസ് പരീക്ഷയ്ക്കായി പരിശീലനവും നൽകിയിരുന്നു. വിദ്യാർത്ഥികളുടെ പരീക്ഷ പേടി മാറ്റുന്നതിനായി മോഡൽ പരീക്ഷകൾ നടത്തി. എൽഎസ്എസ് പരീക്ഷ നടത്തിപ്പിലെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടിലിരുന്നാണ് കുട്ടികൾ പരീക്ഷയെഴുതിയത്. ഇത് കുട്ടികളിൽ ആത്മവിശ്വാസം ഉയർത്താൻ ഇടയാക്കി.


കൂടാതെ രണ്ടുദിവസം നെല്യാടി പുഴയോരത്ത് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി പിടിയും ഒപ്പമുണ്ടായിരുന്നെന്ന് ടീച്ചർ പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ എല്ലാം പത്തിൽ താഴെ വിദ്യാർഥികൾക്ക് മാത്രമാണ് സ്കൂളിൽനിന്ന് എൽഎസ്എസ് ലഭിച്ചിരുന്നത്. എന്നാൽ ചിട്ടയായ പരിശീലനം ചരിത്രവിജയത്തിലേക്ക് സ്കൂളിൽ എത്തിച്ചു. പരീക്ഷാ തീയതി മാറ്റിയതാണ് വിജയികളുടെ എണ്ണം കുറയാൻ ഇടയാക്കിയതെന്നും ടീച്ചർ കൂട്ടിച്ചേർത്തു.