താമരശ്ശേരിയിൽ വൻ വ്യാജമദ്യവേട്ട; രണ്ടായിരം ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു


താമരശ്ശേരി: തലയാടിൽ രണ്ടായിരം ലിറ്ററോളം വാഷും വാറ്റുപകരണങ്ങളു പിടിച്ചെടുത്തു. തലയാട് ഭാഗത്ത് താമരശ്ശേരി എക്സൈസ് സർക്കിൾസംഘമാണ് വ്യാജവാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. കേന്ദ്രത്തിൽ നിന്ന് വലിയതോതിൽ വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പുകളും പാചകവാതക സിലിൻഡറുകളും കണ്ടെത്തി. വാഷും വാറ്റുകേന്ദ്രവും നശിപ്പിച്ച എക്‌സൈസ് സംഘം അനധികൃത ചാരായനിർമാണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ഐ.ബി. യൂണിറ്റ് പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാൽ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച വെെകീട്ട് തലയാട് ഇരുപത്തിയേഴാംമൈലിലാണ് സംഭവം.

താമരശ്ശേരി എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ടി.കെ. സഹദേവൻ, പ്രവേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്യാംപ്രസാദ്, പി.ജെ. മനോജ്, പ്രബിത്ത് ലാൽ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. നാലുലക്ഷത്തോളം രൂപയുടെ വ്യാജചാരായം നിർമിക്കാനാവുന്ന വാഷാണ് കണ്ടെത്തി നശിപ്പിച്ചതെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.