കണ്ണൂര്‍ പയ്യന്നൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; 19കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


 


കണ്ണൂര്‍: കണ്ണൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 19കാരനായ വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്. പയ്യന്നൂര്‍ ജിടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്നു നിഷാന്‍.

പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. നിഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രക്കിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.