പയ്യോളിയില്‍ ട്രെയിന്‍ തട്ടി പത്തൊന്‍പതുകാരന്‍ മരിച്ചു


പയ്യോളി: ഒന്നാം ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി പത്തൊന്‍പതുകാരന്‍ മരിച്ചു. പാലയാട്‌നട കോമാട് കുനിയില്‍ അഭിരാം ആണ് മരിച്ചത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്.

പയ്യോളി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി ട്രാക്കിലൂടെ നടക്കുന്നതിനിടെ മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രയിന്‍ ഇടിക്കുകയായിരുന്നു. ഗേറ്റ് അടച്ചിരുന്നിട്ടും അഭിരാം അശ്രദ്ധമായി ട്രാക്കിലൂടെ നടന്നതാണ് അപകട കാരണമെന്നാണ് അറിയുന്നത്.

പരിക്കേറ്റ അഭിരാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് രാത്രി പതിനൊന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.