16 മണിക്കൂര്‍കൊണ്ട് തേങ്ങ കൊപ്രയാക്കാം, പച്ചമഞ്ഞള്‍ ഉണക്കിയെടുക്കാന്‍ മൂന്ന് ദിവസം മതി; കുന്നുക്കരയിലെ പ്രകൃതി കര്‍ഷകന്റെ ഡ്രയറിനെ പരിചയപ്പെടാം


വടകര: കോണ്‍ഗ്രീറ്റ് സ്ലാബിന്റെ സഹായത്തോടെ തേങ്ങയും അടയ്ക്കയും മഞ്ഞളുമെല്ലാം അതിവേഗം ഉണക്കിയെടുക്കാന്‍ പറ്റുമോ? അതെയന്ന മറുപടിയാണ് വടകര കുന്നുക്കരയിലെ പ്രകൃതി കര്‍ഷകന്‍ കണ്ണമ്പ്രത്ത് പത്മനാഭന് പറയാനുള്ളത്. ചെലവും മനുഷ്യാധ്വാനവും കുറവുള്ള സംസ്‌കരണരീതിയണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്. പത്‌നമാഭന്റെ ഡ്രയറിലൂടെ 16 മണിക്കൂര്‍കൊണ്ട് തേങ്ങ കൊപ്രയാക്കാം. മൂന്ന് ദിവസം കൊണ്ട് പച്ചമഞ്ഞള്‍ നന്നായി ഉണക്കിയെടുക്കാനും കഴിയും.

കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ചാണ് കാര്‍ഷികവിളകള്‍ ഉണക്കി സംസ്‌ക്കരിക്കാനുള്ള ഡ്രയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നരമീറ്റര്‍ നീളവും ഒന്നേകാല്‍ മീറ്റര്‍ വീതിയുമുള്ള ഒരു കോണ്‍ക്രീറ്റ് സ്ലാബാണ് നിലവിലുള്ളത്. നാലുഭാഗവും ഇഷ്ടികകൊണ്ട് കെട്ടിപ്പൊക്കിയ ചേംബറിനുമുകളില്‍ ഇത് സ്ഥാപിച്ചാണ് സംസ്‌കരണം. അടിവശത്ത് തേങ്ങമടലോ, ചിരട്ടയോ മറ്റ് വിറകോ ഇട്ട് തീയിടണം. തീ നന്നായി കത്തുമ്പോള്‍ ചെറിയ വാതില്‍ അടയ്ക്കും. ഇതോടെ ചൂട് ഉള്ളില്‍ക്കുടുങ്ങി സ്ലാബ് ചൂടാകും. ഇതിനുമുകളില്‍ പച്ചത്തേങ്ങ വെട്ടിവെച്ചാല്‍ കൊപ്രയാകാന്‍ വെറും 16 മണിക്കൂര്‍ മതി. പച്ചമഞ്ഞള്‍ മൂന്നുദിവസംകൊണ്ട് ഉണങ്ങും. അടയ്ക്കയും കൊണ്ടാട്ടവും എന്നുവേണ്ട ഉണക്കിസംസ്‌കരിക്കേണ്ട കാര്‍ഷികവിളകളെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ പാകമാകും.

ആറുമാസമായി പത്മനാഭന്‍ ഈ രീതിയിലാണ് തേങ്ങ കൊപ്രയാക്കിയെടുക്കുന്നത്. ഏറ്റവും എളുപ്പവും ചെലവ് കുറവുമാണ് ഇതെന്ന് പത്മനാഭന്‍ സാക്ഷ്യപ്പെടുത്തുന്നു. 300 തേങ്ങയാണ് നിലവില്‍ പത്മനാഭന്‍ ഒരുസമയം കൊപ്രയാക്കുന്നത്. ഒരുതവണ വെച്ചാല്‍ മൂന്നുതവണ തീയീടണം. സ്ലാബിനുമുകളില്‍ തേങ്ങ മലര്‍ത്തിനിരത്തിയശേഷം അതിനുമുകളില്‍ ഒരട്ടി കമിഴ്ത്തിയും വെക്കും. ഇടയ്ക്ക് ഇത് തിരിച്ചും മറിച്ചും വെച്ചുകൊടുത്താല്‍ പെട്ടെന്നുതന്നെ ചിരട്ട ഇളകും. 16 മണിക്കൂര്‍കൊണ്ട് നല്ല ഉണങ്ങിയ കൊപ്ര തയ്യാര്‍. വിറകായി വേണ്ടത് 150 തേങ്ങാമടലും ചിരട്ടയും.

പച്ചമഞ്ഞള്‍ നന്നായി ഉണക്കിയെടുക്കണമെങ്കില്‍ മുമ്പ് 18 ദിവസമെടുത്തിരുന്നു. അതാണ് മൂന്നുദിവസമായി കുറഞ്ഞത്. നാലു മണിക്കൂര്‍കൊണ്ട് കൊണ്ടാട്ടം പാകമാകും. 2000 തേങ്ങ കൊപ്രയാക്കാവുന്ന സ്ലാബ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പത്മനാഭന്‍.

സ്ലാബ് വാര്‍ക്കുമ്പോള്‍ ചേര്‍ക്കുന്ന രണ്ട് വസ്തുക്കളാണ് ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്നതെന്ന് പത്മനാഭന്‍ പറയുന്നു. നാട്ടില്‍ത്തന്നെ എളുപ്പം കിട്ടുന്നവയാണിത്. ഈ സംവിധാനത്തിന് പേറ്റന്റ് നേടേണ്ടതിനാല്‍ വസ്തുക്കളുടെ പേര് തത്കാലം ഇദ്ദേഹം പുറത്തുവിടുന്നില്ല. എങ്കിലും കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നവിധത്തില്‍ ഈ സാങ്കേതികവിദ്യ പങ്കുവെക്കാന്‍ ഇദ്ദേഹം തയ്യാറാണ്. ഫോണ്‍: 9744889053.