‘ഹോട്ടലിലെ കസ്റ്റമേഴ്‌സിനെ ഏറെ പ്രിയപ്പെട്ടയാള്‍, ഇന്നലെ മുന്‍കൂട്ടി പറയാതെ അവധിയെടുത്തു; സന്ധ്യയോടെ അറിഞ്ഞത് മരണവാര്‍ത്ത’ ട്രെയിന്‍തട്ടി മരിച്ച ജാഫറിനെ ഓര്‍ത്ത് കൊയിലാണ്ടിയിലെ പ്ലാസ ഹോട്ടല്‍ ഉടമ


കൊയിലാണ്ടി: സ്ഥിരമായി കൊയിലാണ്ടിയിലെ പ്ലാസ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്കെല്ലാം സുപരിചിതനാണ് ജാബിര്‍ക്ക എന്ന ജാഫര്‍. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയ്‌ക്കൊക്കെ കൊയിലാണ്ടിയില്‍ കണ്ടവരുണ്ട്. സന്ധ്യയോടെയാണ് ജാബിര്‍ക്ക ട്രെയിന്‍തട്ടി മരിച്ചെന്ന വിവരം അറിയുന്നത്. ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്നാണ് പ്ലാസ ഹോട്ടല്‍ ഉടമ ഗഫൂര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

പതിവിനു വിരുദ്ധമായി ചൊവ്വാഴ്ച ജാബിര്‍ മുന്‍കൂട്ടി പറയാതെ അവധിയെടുക്കുകയായിരുന്നു. എന്നും രാവിലെ ഹോട്ടലില്‍ ജോലിയ്ക്ക് എത്താറുള്ളത്. എന്നാല്‍ പതിവുസമയം കഴിഞ്ഞിട്ടും വരാതായതോടെ വിളിച്ച് കാര്യമന്വേഷിച്ചു. ബന്ധുക്കളാരോ ആണ് ഫോണെടുത്തത്. ‘ഇന്ന് അവന്‍ ലീവാണെന്ന് പറഞ്ഞു.’ കുറുവങ്ങാട്ട് സുഹൃത്തിന്റെ മകളുടെയോ മറ്റോ കല്ല്യാണത്തിന് പോകവെയാണ് ട്രെയിന്‍ തട്ടിയതെന്നും ഗഫൂര്‍ പറഞ്ഞു.

മൂന്നുവര്‍ഷത്തോളമായി പ്ലാസ ഹോട്ടല്‍ ഗഫൂറിന്റെ ഉമസ്ഥതയിലായിട്ടുണ്ട്. ജാബിര്‍ അതിനുമുമ്പും അവിടെ ജോലി ചെയ്തിരുന്നയാളാണ്. സമീപത്തെ കടക്കാര്‍ക്കും മറ്റും ഏറെ പരിചിതനുമാണ്.

‘കസ്റ്റമേഴ്‌സിനെല്ലാം വളരെ കാര്യമാണ് ജാബിറിനെ. എല്ലാവരോടും നന്നായി പെരുമാറും. ഇതുവരെ യാതൊരു പ്രശ്‌നവും ഇവിടെയുണ്ടായിക്കിയിട്ടില്ല.’ ഗഫൂര്‍ പറയുന്നു.

കടുത്ത സി.പി.എം അനുഭാവിയായിരുന്നു ജാബിര്‍. ഇടതുപക്ഷത്തിനെതിരെയും സി.പി.എമ്മിനെതിരെയും ആരെങ്കിലും ശബ്ദിച്ചാല്‍ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നാണ് പരിചയക്കാര്‍ പറയുന്നത്.

ബപ്പന്‍കാട് റെയില്‍വേ അടിപ്പാതയ്ക്ക് സമീപം ഇന്നലെ സന്ധ്യയോടെയാണ് ജാബിറിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ മമ്മു ഹാജിയുടെയും ഇമ്പിച്ചി ആയിശയുടെയും മകനാണ്. സഹോദരങ്ങള്‍: അബ്ദുള്‍ റഷീദ്, അമീന്‍, ജമീല, അസ്മ, ഹസീന