വില്‍പ്പന നടത്താനായി ചെത്തിയൊരുക്കിയ നിലയില്‍ അനധികൃതമായി വീട്ടില്‍ 40 കിലോ ചന്ദനത്തടി സൂക്ഷിച്ചു; ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ സ്വദേശി പിടിയില്‍


ബാലുശ്ശേരി: ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ ഭാഗത്ത് വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികളുമായി ഒരാള്‍ പോലീസ് പിടിയില്‍. കണ്ണാടിപ്പൊയില്‍ തൈക്കണ്ടി രാജനെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. വില്‍പ്പന നടത്താനായി ചെത്തിയൊരുക്കി സൂക്ഷിച്ച ചന്ദനത്തടികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികള്‍ കണ്ടെത്തിയത്.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പ്രഭാകരന്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ എബിന്‍ എ സുബീര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ജഗദീഷ് കുമാര്‍, വബീഷ് എം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആസിഫ് എ, മുഹമ്മദ് അസ്ലം സി, ശ്രീനാഥ് കെ.വി, പ്രസുധ എം.എസ്, ഡ്രൈവര്‍ ജിജിഷ് ടി.കെ എന്നിവരടങ്ങിയ സംഘമാണ് രാജനെ ചന്ദനത്തടികള്‍ സഹിതം പിടികൂടിയത്.