വടകര താലൂക്കില്‍ സി.എന്‍.ജി ഓട്ടോകള്‍ ഇന്ധനംകിട്ടാതെ പ്രതിസന്ധിയില്‍; സി.എന്‍.ജി എത്തുന്നത് കുറ്റ്യാടി പമ്പില്‍ മാത്രം


കുറ്റ്യാടി: ഗ്യാസ് ലഭ്യമാക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ വടകരയിലെ സി.എന്‍.ജി ഓട്ടോകള്‍ ഇന്ധനം കിട്ടാതെ പ്രതിസന്ധിയില്‍. താലൂക്കില്‍ കുറ്റ്യാടി പമ്പില്‍ മാത്രമാണ് സി.എന്‍.ജി എത്തുന്നത്. ഇന്ധനം നിറയ്ക്കാന്‍ ഇവിടെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.

ആയിരത്തോളം ഓട്ടോകളാണ് കുറ്റ്യാടിയിലെ പമ്പിനെ ആശ്രയിക്കുന്നത്. പുലര്‍ച്ചെ രണ്ടുമണിമുതല്‍ പമ്പിലെത്തി ക്യൂ നില്‍ക്കുകയാണ് പല ഓട്ടോ ഡ്രൈവര്‍മാരും. ആവശ്യമായ അളവില്‍ വൈദ്യുതി ലഭിക്കാത്തതിനാല്‍ പമ്പില്‍ നിന്ന് ഗ്യാസ് കംപ്രസ് ചെയ്ത് ഓട്ടോയുടെ സിലിണ്ടറിലേക്ക് നിറക്കാന്‍ കഴിയുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. എറണാകുളത്തുനിന്നെത്തുന്ന സി.എന്‍.ജി സിലിണ്ടര്‍ ഘടിപ്പിച്ച ലോറിയില്‍ നിന്നാണ് ഗ്യാസ് വിതരണം ചെയ്യുന്നത്.

പലദിവസങ്ങളിലും അവസാനമെത്തുന്ന ഓട്ടോകള്‍ക്ക് ഗ്യാസ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഒരുദിവസം രണ്ട് ലോഡ് ഗ്യാസ് എങ്കിലും കുറ്റ്യാടിയില്‍ എത്തിക്കണമെന്നും മറ്റ് പമ്പുകളിലും സി.എന്‍.ജി വിതരണം ആരംഭിക്കണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.