രോഗം ബാധിച്ചാല്‍ മരങ്ങളുടെ പാലുത്പാദനം അമ്പതുശതമാനത്തിന് താഴെ കുറയും, വിലത്തകര്‍ച്ചയ്ക്കു പിന്നാലെ ഇലപ്പൊട്ടുരോഗവും; കുറ്റ്യാടിയിലെ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍


കുറ്റ്യാടി: കര്‍ഷകര്‍ക്ക് ആശങ്കയായി കുറ്റ്യാടി മേഖലകളില്‍ റബ്ബറുകള്‍ക്ക് ഇലപ്പൊട്ടു രോഗം വ്യപകമാകുന്നു. വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് ഇത് വലിയ ഇരുട്ടടിയായി മാറിയിരിക്കുകയാണ്. കുറ്റ്യാടിയിലെയും സമീപപ്രദേശങ്ങളായ കാവിലുംപാറ, മരുതോങ്കര, മുള്ളന്‍കുന്ന്, പശുക്കടവ്, കായക്കൊടി തുടങ്ങിയ മേഖലകളിലെയും റബ്ബര്‍ത്തോട്ടങ്ങളിലെല്ലാം രോഗം വ്യാപകമായിരിക്കുകയാണ്.

വളരെവേഗത്തിലാണ് തോട്ടങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുന്നത്. രോഗംപിടിച്ചാല്‍ മരങ്ങളുടെ പാലുത്പാദനം അമ്പതുശതമാനത്തിന് താഴെ കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു. ഒരുവര്‍ഷംമുമ്പാണ് പ്രദേശത്ത് ഇലപ്പൊട്ടുരോഗം കണ്ടുതുടങ്ങിയത്. ഇലകളില്‍ പൊട്ടുപോലെ പാടുകള്‍ ബാധിക്കുന്നതാണ് ആദ്യലക്ഷണം. തുടര്‍ന്ന് ഇലകള്‍ കൊഴിഞ്ഞുപോവുകയും ഉത്പാദനത്തെ ബാധിക്കുകയും ചെയ്യും. വ്യാപനത്തിന്റെ തോത് മുമ്പത്തെക്കാളധികം ഇപ്പോള്‍ കൂടുതലാണെന്നും കര്‍ഷകര്‍ പറയുന്നു.

റബ്ബര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്ന മരുന്ന് പലരും റബര്‍ത്തോട്ടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നുണ്ടെങ്കിലും ശാശ്വതപരിഹാരമായിട്ടില്ല. വലിയ മരങ്ങളെക്കാള്‍ തൈമരങ്ങളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. രോഗം ബാധിച്ച് മരങ്ങള്‍ പാടെ നശിച്ചുപോയതിനാല്‍ ആശങ്കയിലാണ് പ്രദേശത്തെ റബ്ബര്‍ കര്‍ഷകര്‍.