‘രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ നടത്താമെങ്കില്‍ എന്ത് കൊണ്ട് ഗാനമേള നടത്താന്‍ പറ്റില്ല?’ കൊല്ലം കൂത്തംവള്ളി ഭഗവതി ക്ഷേത്രത്തില്‍ ഗാനമേളയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി കൊല്ലം ഷാഫിയടക്കമുള്ള പ്രദേശവാസികള്‍


കൊല്ലം: കൊയിലാണ്ടി കൊല്ലം കൂത്തംവള്ളി ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി ഗാനമേളയ്ക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റും പൊതുസമ്മേളനങ്ങളും പരിപാടികളുമെല്ലാം യഥേഷ്ടം നടത്താന്‍ അനുമതി കൊടുക്കുകയും ഗാനമേളയ്ക്ക് അനുമതി നല്‍കാതിരിക്കുകയും ചെയ്യുന്നത് സാധാരണക്കാരായ ജീവിക്കാന്‍ പാടുപെടുന്ന കലാകാരന്മാരോടുള്ള തികഞ്ഞ അവഗണനയാണെന്ന് കൊല്ലം ഷാഫി കുറ്റപ്പെടുത്തി.

പ്രദേശത്തെ നാല്‍പ്പതോളം വരുന്ന വീട്ടുകാരുടെ കുടുംബക്ഷേത്രമാണ് കൂത്തംവള്ളി ഭഗവതി ക്ഷേത്രം. ക്ഷേത്രോത്സവം നടത്താന്‍ അനുമതി തേടി ഒരുമാസം മുമ്പ് ഭാരവാഹികള്‍ കൊയിലാണ്ടി പൊലീസിനെ സമീപിക്കുകയും 1500 പേരെ പങ്കെടുപ്പിച്ച് ആഘോഷം നടത്താന്‍ അനുമതി സ്വന്തമാക്കുകയും ചെയ്തിരുന്നു. ഉത്സവാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 16ന് ഗാനമേള നടത്താനും തീരുമാനിച്ചിരുന്നു. ക്ഷേത്രത്തിന്റെ പരിസരത്ത് താമസിക്കുന്നയാളെന്ന നിലയില്‍ ഗായകന്‍ കൊല്ലം ഷാഫിയെ ഗാനമേളയ്ക്കായി ചുമതലപ്പെടുത്തുകയും അതനുസരിച്ച് അദ്ദേഹം മറ്റു കാലകാരന്മാരെ പരിപാടിയ്ക്കായി ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഫെബ്രുവരി പതിനാറിന് രാവിലെ പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ച് ഗാനമേളയ്ക്ക് അനുമതി നല്‍കാന്‍ ആവില്ലെന്നും വിലക്ക് ലംഘിച്ച് പരിപാടി നടത്തിയാല്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയതാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. എല്ലാകാലത്തും നിയമം പാലിച്ചുമാത്രം പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള സമീപനമാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് കൊല്ലം ഷാഫി കുറ്റപ്പെടുത്തി.

‘ വളരെ ചെറിയൊരു പ്രദേശത്തെ ആളുകളെ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടിയാണിത്. കലാകാരന്മാര്‍ എല്ലാകാലത്തും നിയമം പാലിച്ചിട്ടേയുള്ളൂ, സഹകരിച്ചിട്ടേയുള്ളൂ. കഴിഞ്ഞ മൂന്നുവര്‍ഷമായി ഉത്സവ സീസണുകള്‍ കലാകാരന്മാര്‍ക്ക് ഇല്ല. ഇപ്പോള്‍ മറ്റെല്ലാ മേഖലകളും സജീവമായിട്ടും കലാകാരന്മാര്‍ക്ക് മാത്രം മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. ക്ഷേത്രത്തിലെ മറ്റു പരിപാടികള്‍ നടത്തുന്നതിനൊപ്പം കോവിഡ് മാനദണ്ഡങ്ങളോടും കൂടി ഗാനമേള നടത്തുന്നതില്‍ എന്താണ് കുഴപ്പമെന്നു മനസിലാവുന്നില്ല.’ അദ്ദേഹം പറഞ്ഞു. എസ്.പി ഓഫീസില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് ഗാനമേളയ്ക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് പൊലീസ് പറഞ്ഞതെന്ന് ഷാഫി പറയുന്നു.

നിലവില്‍ ഗാനമേളയ്ക്കും കരിമരുന്ന് പ്രയോഗത്തിനും കലാപരിപാടികള്‍ക്കും അനുമതി നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്ന് കൊയിലാണ്ടി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപത്തായി ഇന്ന് എസ്.ഡി.പി.ഐയുടെ പൊതുസമ്മേളനം നടക്കുന്നുണ്ട്. കൊയിലാണ്ടി മേഖലയില്‍ ദിവസങ്ങള്‍ക്കു മുമ്പ് എസ്.ഡി.പി.ഐ ആര്‍.എസ്.എസ് സംഘര്‍ഷമുണ്ടായിരിക്കെ ഇങ്ങനെയൊരു പരിപാടിയ്ക്ക് അനുമതി നല്‍കിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പ്രദേശത്ത് കുറച്ചുദിവസം പൊതുപരിപാടികള്‍ പാടില്ലയെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് സംഘര്‍ഷം നടന്ന പ്രദേശത്തിന് മാത്രമാണ് ബാധകമെന്നും മറ്റിടങ്ങളില്‍ അനുമതിയോടുകൂടി പരിപാടി നടത്താമെന്നുമാണ് പൊലീസ് നല്‍കിയ വിശദീകരണം.