രാത്രിയുടെ മറവില്‍ റോഡരികില്‍ അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളി; ദുരിതത്തിലായി നന്തി ഇരുപതാം മൈലിലെ പ്രദേശവാസികള്‍


കൊയിലാണ്ടി: നന്തി ഇരുപതാം മൈലിന് സമീപം റോഡരികില്‍ അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളി. രാത്രിയിലെത്തിയാണ് മാലിന്യം റോഡരികിലെ കുളത്തില്‍ തള്ളിയത്. എല്ലാ വര്‍ഷവും മഴയ്ക്ക് മുമ്പായി കക്കൂസ് മാലിന്യം തള്ളുന്നത് ഇവിടെ പതിവാണെന്നും ഇത് കാരണം തങ്ങള്‍ ദുരിതത്തിലാണെന്നും നാട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അഞ്ച് വര്‍ഷത്തോളമായി ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. റോഡരികില്‍ തള്ളുന്ന മാലിന്യം ഒഴുകി സമീപത്തെ വയലിലാണ് എത്തുക. നിരവധി കിണറുകള്‍ ഉള്ള പ്രദേശമാണ് ഇത്. ഒഴുകിയെത്തുന്ന മാലിന്യം പ്രദേശത്തെ കിണറുകള്‍ മലിനമാകുന്നതിന് കാരണമാകുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

മുമ്പൊരിക്കല്‍ നന്തി ടോള്‍ ബൂത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടിരുന്നു. എന്നാല്‍ നമ്പര്‍ ഇല്ലാത്ത വണ്ടിയായതിനാല്‍ ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിച്ചില്ലിരുന്നില്ല. അതിനാല്‍ മാലിന്യം തള്ളുന്നത് തടയാനായി പ്രദേശത്ത് സി.സി.ടി.വി സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാര്‍ഡ് മെമ്പര്‍ റജുല സ്ഥലം സന്ദര്‍ശിച്ചു.