മണൽ ചാക്കുകളിൽ നിന്ന് കൊയിലാണ്ടിക്ക് ഉടൻ മോചനം; ടൗണിലെ ദേശീയപാതയിൽ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കാൻ തീരുമാനം


കൊയിലാണ്ടി: കൊയിലാണ്ടിയിലൂടെ ഇനി മണൽകാറ്റേറ്റ് യാത്ര ചെയ്യണ്ട. ടൗണിലെ ദേശീയപാതയിലൂടെ കോൺക്രീറ്റ് ഡിവൈഡറുകൾ ഉടൻ വരുന്നു. ഈ ഞായറാഴ്ച തന്നെ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കാനാണ് തീരുമാനം.

‘കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന പദ്ധതി മുൻപ് തന്നെ ഉണ്ടായിരുന്നെങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് മണൽച്ചാക്കുകൾ നിരത്തിയത്, അത് വിജയകരമായതിനാൽ ഉടനടി കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കാനാണ് തീരുമാനമെന്നും’ എൻ.എച്ച്.എ.ഇ ജാഫർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘തൊഴിലാളികളെ കിട്ടാനൽപ്പം സമയമെടുത്തതിനാലാണ് പണി വൈകിയതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പോര്‍ട്സ് കൗണ്‍സില്‍ കവാടം മുതല്‍ ആര്‍.ഒ.ബി ജംഗ്ഷന്‍ വരെ മണൽ ചാക്കുകളായിരുന്നു ഡിവൈഡറുകളായി ഉപയോഗിച്ചിരുന്നത്. കൊയിലാണ്ടി നഗരത്തിലൂടെ നാലും അഞ്ചും നിരയായി വാഹനങ്ങൾ പോകുന്നത് തടയാന്‍ ഇതിനൊരു പരിധി വരെ കഴിഞ്ഞിരുന്നു.

എന്നാൽ മണൽചാക്ക് ഡിവൈഡർനെതിരെ അന്നുമുതൽ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇരു ചക്ര വാഹനങ്ങൾക്കും സമീപത്തെ കടക്കാർക്കും ഇത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.

രാത്രിയില്‍ വലിയ വാഹനങ്ങള്‍ തട്ടി മണല്‍ ചാക്ക് കീറുകയും റോഡില്‍ മണല്‍ നിറയുകയും ചെയ്തതോടെ കാറ്റിലും വാഹനങ്ങള്‍ പോകുമ്ബോഴും ടൗണില്‍ മണല്‍ക്കാറ്റ് നിറയും. മണല്‍ക്കാറ്റേറ്റ് റോഡില്‍ നില്‍ക്കാന്‍ സാധിക്കുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ നവംബറിലാണ് നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാനായി ദേശീയ പാത എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മണല്‍ നിറച്ച ചാക്ക് റോഡിൽ ഡിവൈഡറുകൾ പോലെ വച്ചത്.