മണിയൂരിനിത് അഭിമാന നിമിഷം; ‘ചിമ്മിനിവെട്ട’ത്തിലൂടെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടി മനോജ് മണിയൂർ


പയ്യോളി: സംസ്ഥാന സർക്കാർ സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാര നിറവിൽ മണിയൂർ സ്വദേശി. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറായ മനോജ് മണിയൂരാണ് പുരസ്ക്കാരത്തിന് അർഹമായത്. അദ്ദേഹത്തിന്റെ ചിമ്മിനിവെട്ടം കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.

കഥ/നോവൽ വിഭാഗത്തിൽ ഇ എൻ ഷീജ (അമ്മമണമുള്ള കനിവുകൾ), വൈജ്ഞാനിക വിഭാഗത്തിൽ ഡോ. വി രാമൻകുട്ടി (എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്ര വിഭാഗത്തിൽ ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാൽ), ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ സുധീർ പൂച്ചാലി (മാർക്കോണി), വിവർത്തനം/പുനരാഖ്യാനം വിഭാഗത്തിൽ ഡോ. അനിൽകുമാർ വടവാതൂർ (ഓസിലെ മഹാമാന്ത്രികൻ), ചിത്രീകരണ വിഭാഗത്തിൽ സുധീർ പി വൈ (ഖസാക്കിലെ തുമ്പികൾ), നാടക വിഭാഗത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ (കായലമ്മ) എന്നിവരാണ് മനോജിന് പുറമേ പുരസ്‌കാരങ്ങൾക്ക് അർഹരായത്. പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന തീയതി പിന്നീട് അറിയിക്കും.

Summary: Manoj Maniyur won the State balasahithya award for Chimminivettam