ഭീഷണിയായി ‘കോവിഡ് മൂന്നാംതരംഗം’; യാത്ര വിലക്ക് വരുമോ? നാട്ടിലേക്കുള്ള മടക്കയാത്രയില്‍ ആശങ്കയിലായി പ്രവാസികള്‍


കോഴിക്കോട്: കൊവിഡ് മൂന്നാംതരംഗത്തിന്റെ ലക്ഷണം കണ്ടതോടെ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയില്‍. നാട്ടില്‍ കുരുക്കുവീഴുമോയെന്ന ആശങ്കയില്‍ തിരിച്ചുവരവ് നീട്ടാനുളള ഒരുക്കത്തിലാണ് പലരും.

വിദേശത്ത് നിന്ന് വരുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ ഫലം നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ ഉത്തരവും യാത്ര വൈകിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഒരുമാസത്തില്‍ കുറഞ്ഞ ലീവിനെത്തുന്നവര്‍ വിമാന ടിക്കറ്റ് റദ്ദ് ചെയ്യുകയാണ്. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ പോലും നീട്ടിവെക്കാനുള്ള ശ്രമം നടക്കുന്നു. അടിയന്തര ആവശ്യമുള്ളവര്‍ മാത്രാണ് യാത്രയ്ക്ക് തയ്യാറാകുന്നത്.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായാല്‍ യാത്രാവിലക്ക് വന്നേക്കും. ഈ ഭയം പ്രവാസികളിലുണ്ട്.

കഴിഞ്ഞ തരംഗത്തില്‍ അവധിയ്ക്കും അത്യാവശ്യ കാര്യങ്ങള്‍ക്കുമായി നാട്ടിലെത്തിയ പ്രവാസികളില്‍ പലരും തിരിച്ചു പോവാനാവാതെ പ്രതിസന്ധിയിലായിരുന്നു. യാത്രാവിലക്ക് തുടര്‍ന്നതോടെ നിരവധി പേര്‍ക്ക് തൊഴിലും നഷ്ടമായി. യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ദീര്‍ഘകാലം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഖത്തറില്‍ മാത്രമായിരുന്നു നിയന്ത്രണത്തില്‍ അയവുണ്ടായത്. അത്യാവശ്യക്കാര്‍ അര്‍മേനിയ, ഉസ്‌ബെക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴി വലിയ തുക ചെലവഴിച്ച്‌ യു.എ.ഇയിലേക്ക് പോകേണ്ട അവസ്ഥയുമുണ്ടായി.

ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. സൗദിയില്‍ 3500ലധികമാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. യു.എ.ഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലും കൊവിഡ് രോഗികള്‍ കൂടുകയാണ്. വിമാനത്താവളങ്ങളില്‍ സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നാല്‍ പ്രവേശന വിലക്കടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറവാണ്. അതേസമയം കൊവിഡ് വാര്‍ഡുകള്‍ക്കും ഐ.സി.യുകള്‍ക്കും താങ്ങാന്‍ കഴിയാത്ത വിധം രോഗവ്യാപനം ഉണ്ടായാല്‍ പ്രവേശന വിലക്ക് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരും.