ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് ബോംബ് ഉണ്ടാക്കുകയായിരുന്നുവെന്ന് അക്ഷേപം; ചെരണ്ടത്തൂര്‍ സ്‌പോടനത്തില്‍ വിശദ അന്വേഷണത്തിനൊരുങ്ങി പോലീസ്


പയ്യോളി: ചെരണ്ടത്തൂരില്‍ സ്‌പോടനത്തിനിടയാക്കിയത് ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് ബോംബ് നിര്‍മ്മിക്കുന്നതിനിടയിലെന്ന് ആക്ഷേപം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അതേ സമയം സ്‌പോടനം നടന്നത് ബോംബ് നിര്‍മ്മാണത്തിനിടെയെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തില്‍ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തതായി റൂറല്‍ എസ്.പി ശ്രീനിവാസ് വ്യക്തമാക്കി. പഞ്ചായത്ത് മെമ്പര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ഇന്നലെയാണ് വീടിന്റെ ടെറസിലില്‍ ബോബ് നിര്‍മ്മിക്കുന്നതിനിടയില്‍ സ്‌പോടനം നടന്ന്. അപകടത്തില്‍ ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന് ഗരുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തി തകര്‍ന്ന യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്‌പോടനത്തെ തുടര്‍ന്ന് പയ്യോളിയില്‍ നിന്നും വടകരയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ പരിശോധന നടത്തി. പരിശോധനയില്‍ ഓലപ്പടക്കത്തിന്റെ മരുന്നെടുത്ത് സ്‌ഫോടക വസ്തു നിര്‍മ്മിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഹരി പ്രസാദിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

ബോംബുണ്ടാക്കുന്നതില്‍ വിദഗ്ധനാണെന്നും മാലപ്പടക്കത്തില്‍ നിന്ന് വെടിമരുന്ന് ശേഖരിച്ച്് വീട്ടിലെ ടെറസിലിരുന്നാണ് ഹരി പ്രസാദ് ബോംബ് നിര്‍മ്മിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. ബിജെപി ബജ് രംഗദള്‍ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഹരിപ്രസാദ്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് ഹരിപ്രസാദ് ബോംബ് ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.

രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും നിലനില്‍ക്കുന്ന മേഖലയല്ല ഇത്. സ്ഫോടനത്തെ തുടര്‍ന്ന് നാട്ടുകാരും ഭീതിയിലാണ്. സംഭവത്തെ പറ്റി സമഗ്ര അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം. ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. അതേസമയം, നാലുവര്‍ഷമായി ആര്‍എസ്എസുമായി ഒരുതരത്തിലുമുള്ള ബന്ധവും ഇയാള്‍ക്കില്ലെന്ന് ആര്‍എസ്എസ് വടകര കാര്യകാരി അറിയിച്ചു.