ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കായലിൽ ചാടി ആത്മഹത്യ ചെയ്ത് ഭർത്താവ്; ഇരട്ടമരണത്തിന്റെ ഞെട്ടലിൽ എറണാകുളം ചെറായി


കൊച്ചി: എറണാകുളം ചെറായിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം റോ-റോ ഫെറി സർവീസിൽനിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പറയുന്നുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെണ്ടമേളക്കാരനായ മകന്‍ ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ് പുലര്‍ച്ചെ 5.30ന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അയല്‍ക്കാരെയും പൊലീസിനെയും അറിയിച്ച് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലളിത മരിച്ചിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് മുനമ്പം സി.ഐ. എ. എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ പൊലീസ് വീട്ടിലും ആശുപത്രിയിലുമെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ആളെ കാണാനില്ലെന്ന വിവരമിഞ്ഞത്.

അതേസമയം, ഇയാളെ പുലര്‍ച്ചെ നാലുമണിയോടെ ചെറായി ദേവസ്വം നട കവലയില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നടക്കാനിറങ്ങിയതാണെന്നാണ് ഇയാള്‍ ഇവരോട് പറഞ്ഞത്. ഇതിനിടയില്‍ ആറര മണിയോടെയാണ് ഒരാള്‍ ഫോര്‍ട്ടുകൊച്ചി റോ റോ ജങ്കാറില്‍ നിന്ന് ചാടി മരിച്ചതായി പൊലീസിനു വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കായലില്‍ ചാടി മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽനിന്നിറങ്ങിയ ശശി വൈപ്പിനിലെത്തി റോ-റോ ഫെറി സർവീസിൽ കയറിയെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്കുള്ള റോ-റോ ജങ്കാറിലാണ് ശശി യാത്രചെയ്തിരുന്നത്. യാത്രയ്ക്കിടെ ഇയാൾ റോ-റോ സർവീസിൽനിന്ന് കായലിൽ ചാടുകയായിരുന്നു. ഈ സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ലളിതയുടെ മൃതദേഹം പറവൂര്‍ താലൂക്കാശുപത്രിയിലും, ശശിയുടെ മൃതദേഹം ഫോര്‍ട്ടുകൊച്ചി ആശുപത്രിയിലുമാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. ശശിയ്ക്ക് 62 വയസ്സും ലളിതയ്ക്ക് 57 വയസ്സുമുണ്ട്. ശ്യാം ഇവരുടെ മൂത്ത മകനാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. അതിജീവിക്കാനായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം, ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. സഹായത്തിനായി 1056 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കൂ)

Summary: husband killed wife and commited suicide in eranakulam