പൊടിപടലങ്ങളില്‍ നിന്ന് നഗരത്തിന് മോചനം; കൊയിലാണ്ടിയില്‍ മണല്‍ ചാക്കുകള്‍ക്ക് പകരം കോണ്‍ഗ്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചു


കൊയിലാണ്ടി: നഗരത്തില്‍ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനായി പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച മണല്‍ ഡിവൈഡറുകള്‍ മാറ്റി കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചു. ദേശീയപാത അസി.എക്‌സി.എഞ്ചിനീയര്‍ ജാഫറിന്റെ നേതൃത്വത്തിലാണ് ഡിവൈഡറുകള്‍ മാറ്റി സ്ഥാപിച്ചത്.

കൊയിലാണ്ടി പഴയ ബസ്റ്റാന്‍ഡ് മുതല്‍ താലൂക്ക് ആശുപത്രിക്ക് സമീപം വരെയാണ് കോണ്‍ഗ്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചതെന്ന് അസി.എഞ്ചിനീയര്‍ ജാഫര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനാണ് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളുള്ള ഞായറാഴ്ച തന്നെ ഡിവൈഡറുകള്‍ മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ വൈ.ചെയര്‍മാന്‍ കെ.സത്യന്‍, കൊയിലാണ്ടി എസ് ഐ.എം.എന്‍.അനൂപ് ട്രാഫിക് എ.എസ്.ഐ.പി.ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരാമായാണ് റോഡില്‍ മണല്‍ച്ചാക്ക് നിരത്തി താത്കാലികമായി ഡിവൈഡര്‍ ഒരുക്കിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് മണല്‍ച്ചാക്കുകള്‍ കൊണ്ട് താല്‍ക്കാലിക ഡിവൈഡര്‍ ഒരുക്കുന്നതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. ഇത് വിജയിച്ചാല്‍ മണല്‍ച്ചാക്കിന് പകരം സ്ഥിരം ഡിവൈഡര്‍ ഏര്‍പ്പെടുത്തുമെന്നും അന്ന് അധികൃതര്‍ പറഞ്ഞിരുന്നു.

വാഹനങ്ങള്‍ വരിതെറ്റിപ്പോകുന്നത് ഒഴിവാക്കാന്‍ വേണ്ടി ഹൈവേ ഉദ്യോഗസ്ഥര്‍ നിരയായിട്ട മണല്‍ച്ചാക്കുകള്‍ കീറിച്ചിതറിയതോടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായത്. ചാക്ക് കീറിയതോടെ പുറത്തെത്തിയ മണല്‍റോഡിലാകെ പരക്കുകയും വാഹനങ്ങള്‍ ഇതുവഴി പോകുമ്പോള്‍ പൊടിപടലം ഉയര്‍ന്നുപൊങ്ങി സമീപത്തെ കച്ചവടക്കാര്‍, വാഹനമോടിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം പ്രയാസമാവുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മണല്‍ ചാക്കുകള്‍ മാറ്റി സ്ഥാപിച്ചത്.

ചിത്രങ്ങള്‍ പകര്‍ത്തിയത്: ബൈജു എം.പീസ്