പന്തിരിക്കരയില്‍ നിന്നു സ്വര്‍ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കയ്യില്‍ നിന്നു നഷ്ടപ്പെട്ട സ്വര്‍ണം പാനൂരിലെ ജ്വല്ലറിയില്‍ നിന്നു കണ്ടെടുത്തു


പേരാമ്പ്ര: പന്തിരിക്കരയില്‍ നിന്നു സ്വര്‍ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍, കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണം പാനൂരിലെ ജ്വല്ലറിയില്‍ നിന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കസ്റ്റഡിയില്‍ എടുത്തത്.

കേസിലെ മുഖ്യ പ്രതി മുഹമ്മദ് സ്വാലിഹ് ദുബായില്‍ നിന്നു കൊടുത്തുവിട്ട സ്വര്‍ണം കൃത്യമായി എത്തിക്കാതെ ഷമീറിനും കൂട്ടാളികള്‍ക്കും നല്‍കിയതിനായിരുന്നു ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. ആളു മാറി നല്‍കിയ 60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം തിരിച്ചുനല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയതെന്നാണു സൂചന.

സ്വര്‍ണ്ണം പാനൂരിലെ ജ്വല്ലറിയില്‍ വില്‍പന നടത്തി എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പണം കൈപ്പറ്റിയ ശേഷം സംഘം ഇര്‍ഷാദിന് വയനാട് വൈത്തിരിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയാന്‍ താവളം ഒരുക്കുകയായിരുന്നു. ഇവിടെ നിന്നാണ് മുഹമ്മദ് സ്വാലിഹിന്റെ കൊട്ടേഷന്‍ സംഘം ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതായുമാണ് സൂചന.

കേസിലെ ചില പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. കേസില്‍ പിടികിട്ടാനുള്ള പ്രതികളെ വലയിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

summary: the gold that was lost from the hand irshad from  panthirikara was recovered from a jeweler in panur