‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ; നാടകത്തിൽ നിന്ന് സിനിമയിലേക്ക് എഴുതിക്കയറി നടുവണ്ണൂരുകാരന്‍ പ്രദീപ് കുമാർ കാവുന്തറ


നടുവണ്ണൂര്‍: നാടിന്റെ അഭിമാന എഴുത്തുകാരനും കലാകാരനുമായ പ്രദീപ് കുമാർ കാവുംതറ നാടകമേഖലയിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചുവട് വെക്കുകയാണ്. ബിജിത്ത് ബാല സംവിധാനം ചെയ്ത ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ കഥയും തിരക്കഥയുമൊരുക്കിയാണ് അദ്ദേഹം ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്ക് എഴുതിക്കയറിയത്.

പാർട്ടി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യത്തിന്റെ മറപറ്റിയാണ് കഥ പറയുന്നത്. ഗൗരവമായ ഒരു വിഷയത്തെ രസകരമായി ചര്‍ച്ചയിലെത്തിക്കുകയാണ് ചിത്രിലൂടെ കഥാകാരൻ. ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആൻ ശീതൾ, ഹരീഷ് കണാരൻ , വിജിലേഷ്, ജോണി ആന്റണി തുടങ്ങിയ താരനിരയാണ്. ചിത്രത്തിൽ അണിനിരക്കുന്നത്. പതിവ് ഫ്രീക്ക് വേഷങ്ങളിൽ നിന്ന് വിഭിന്നമായി കമ്മ്യൂണിസ്റ്റ് ചിന്തകൾ വെച്ച് പുലർത്തു ദിനേശനെന്ന നാട്ടും പുറത്തുകാരന്റെ വേഷം ശ്രീനാഥ് ഭാസി കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ആക്ഷേപഹാസ്യത്തിന് പ്രാധാനാമുള്ളതുകൊണ്ട് തന്നെ നർമ സന്ദർഭങ്ങളെ പക്വമായി ഉപയോഗിക്കുന്ന ഗ്രേസ് ആന്റണിയുടെ കഴിവും ചിത്രത്തിന് ഗുണം ചെയ്യുമെന്ന് കരുതാം.

നടുവണ്ണൂരിന്റെ കലാ സാംസ്ക്കാരിക മണ്ഡലത്തിൽ കാവുന്തറ സ്വദേശിയായ പ്രദീപ് കുമാർ അടയാളപ്പെട്ട് കഴിഞ്ഞിട്ട് കാലം കുറേയായി. തന്റെ രചനാ വൈഭവം കൊണ്ട് എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒരുപിടി നാടകങ്ങൾ സമ്മാനിച്ച പ്രദീപ്കുമാറിനെ തേടി മികച്ച നാടകരചനക്കുള്ള സംസ്ഥാന അവാർഡ് എത്തിയത് ഒന്നിലധികം തവണയാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള മനുഷ്യർക്ക് അറിഞ്ഞാസ്വദിക്കാൻ പറ്റുന്ന രചനകളാണ് പ്രദീപ് കുമാറിന്റേതെന്നാണ് അദ്ദേഹത്തിന്റെ നാടകങ്ങൾ കണ്ടവരുടെ അഭിപ്രായം.

പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന സിനിമ ബിഗ്സ്ക്രീനിലും അദ്ദേഹത്തിന്റെ ആവിഷ്ക്കാര മികവ് പ്രകടമാക്കുമെന്നാണ് നടുവണ്ണൂരിലെ ഓരോ നാടക- സിനിമാ സ്നേഹികളും പ്രതീക്ഷിക്കുന്നത്. ഇന്ന് റീലീസ് ചെയ്ത ചിത്രത്തെ ജനങ്ങൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും.