നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന് ഏറ്റെടുത്ത സ്ഥലത്ത് നിന്ന് അനധികൃത മണ്ണ് കടത്ത്; സ്വകാര്യ മണ്ണ് ലോബികളുടെ അതിക്രമത്തിനെതിരെ പ്രതികരിച്ച് നാട്ടുകാർ (വീഡിയോ കാണാം)


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിനായി അളന്നിട്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് മണ്ണ് മോഷണം. സ്വകാര്യ മണ്ണ് ലോബികൾക്കെതിരെ വ്യാപക പരാതി. ബൈപ്പാസിനായി നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തിട്ടിരിക്കുന്ന ഭൂമിയിൽ നിന്നാണ് മണ്ണ് മാന്തിയെടുത്തു കൊണ്ട് പോകുന്നതായി പരാതി ഉയർന്നിരിക്കുന്നത്.

ഏറ്റെടുത്തിരിക്കുന്ന ഭൂമിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് കുറ്റകരമാണെന്നിരിക്കെയാണ് ഈ അതിക്രമം. ‘ഏറ്റെടുത്ത ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊളിച്ചു കൊണ്ടു പോകാനുളള അനുമതിയുണ്ട്. ഒപ്പം കെട്ടിടത്തിലെ കല്ലുകള്‍, വാതില്‍, ജനല്‍, ഓട്, കോണ്‍ക്രീറ്റിനുളളിലെ കമ്പികള്‍ എന്നിവ ഉടമകള്‍ക്ക് എടുക്കാം. അതും നിശ്ചിത സമയത്ത് തന്നെ എടുക്കണം.

പക്ഷെ കെട്ടിടത്തിനടിയിലെ മണ്ണ് നീക്കം ചെയ്യുന്നത് കുറ്റകരമാണ്. എന്നാല്‍ മണ്ണ് ലോബി ആ മണ്ണും മാന്തിയെടുക്കുകയാണെന്ന്’ പൊതു പ്രവര്‍ത്തകന്‍ പി.വി.വേണുഗോപാല്‍ പറഞ്ഞു. മണ്ണെടുക്കുന്നതോണോടൊപ്പം ഒരു ലോഡ് മണ്ണ് ഇവര്‍ ആയിരം രൂപയ്ക്ക് വിൽക്കുകയുമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈപ്പാസിന്റെ സ്ഥലത്ത് നിന്ന് അനധികൃതമായി മണ്ണ് മാന്തിയെടുത്തതിനാൽ ഇനി റോഡ് പണിക്കായി വേറെ മണ്ണ് കൊണ്ടുവരേണ്ട അവസ്ഥയാണ്.

എന്നാൽ പ്രശ്നം ഇത്രയും രൂക്ഷമായിട്ടും റവന്യു വകുപ്പ് അധികാരികള്‍ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

പോലീസിൽ നൽകിയ പരാതിയെ തുടർന്ന് അവർ സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. ഇതിനെ കുറിച്ച കൂടുതലായി അന്വേഷണം നടത്തുമെന്നും കൊയിലാണ്ടി പോലീസ് അറിയിച്ചു.

വീഡിയോ കാണാം: