തിരുവങ്ങൂര്‍ സി.എച്ച്.സിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ഡി.വൈ.എഫ്.ഐയുടെ ആവശ്യത്തോട് മുഖംതിരിച്ച് മെഡിക്കല്‍ ഓഫീസര്‍; വിഷയത്തില്‍ കാനത്തില്‍ ജമീല ഇടപെട്ടതോടെ അടിയന്തരമായി പരിഗണിക്കുമെന്ന് ഉറപ്പ്


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ സി.എച്ച്.സിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ഡി.വൈ.എഫ്.ഐയുടെ ആവശ്യത്തില്‍ അടിയന്തര ഇടപെടലുണ്ടാകുമെന്ന് അധികൃതര്‍. വിഷയത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ ഇടപെട്ട സാഹചര്യത്തിലാണിത്.

തിരുവങ്ങൂര്‍ സി.എച്ച്.സിയിലെ ടോക്കണ്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുക, മരുന്ന് ലഭ്യത കാര്യക്ഷമമാക്കുക,
സാനിറ്റെസിംഗ് സൗകര്യം വര്‍ധിപ്പിക്കുക, ആര്‍.ടി.പി.സി.ആര്‍ ദിവസം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല കമ്മിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനിക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതി നല്‍കിയിരുന്നു. പരാതിയിന്മേല്‍ ഒരു ഇടപെടലും ഉണ്ടാവാത്ത സാഹചര്യത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ തിങ്കളാഴ്ച തിരുവങ്ങൂര്‍ സി.എച്ച്.സി സന്ദര്‍ശിച്ചിരുന്നു.

തുടര്‍ന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുമായി ഡി.വൈ.എഫ്.ഐ നേതാക്കളായ ഷിബില്‍ രാജ്, ശ്രീജിലേഷ്, ശിവപ്രസാദ്, സന്ദീപ് പള്ളിക്കര എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഡി.വൈ.എഫ്.ഐ ഉന്നയിച്ച മുഴുവന്‍ കാര്യങ്ങളിലും അടിയന്തര ഇടപെടലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചത്.