താമരശ്ശേരി ചുങ്കത്ത് റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു


താമരശ്ശേരി: ചുങ്കത്ത് റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ കാറ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. കൂടത്തായി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 52 ഡി 6544 നമ്പര്‍ കാറാണ് അപകടത്തില്‍ പെട്ടത്. സംസ്ഥാന പാതയിലെ വലിയ കുഴി വെട്ടിക്കുന്നതിനിടെ നിയനത്രണം വിട്ട കാറ് ഇടതു ഭാഗത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

കാറിടിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞെങ്കിലും നിലം പൊത്തിയില്ല. കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ നിസ്സാര പരുക്കുകളോടം രക്ഷപ്പെട്ടു.

ചുങ്കത്തിന് സമീപം വെഴുപ്പൂര്‍ ബാഗത്ത് കഴിഞ്ഞ ദിവസം കലുങ്ക് നിര്‍മാണത്തിനായെടുത്ത കുഴിയില്‍ ബുള്ളറ്റ് വീണ് യാത്രക്കാരന് സാരമായി പരുക്കേറ്റിരുന്നു. സുരക്ഷാ സംവിധാനം ഒരുക്കാതെയാണ് പ്രവൃത്തി നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചീനീയറെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ട് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്തുള്ള കുഴി വീണ്ടും അപകടം വരുത്തിയത്.

 

വയനാട് റൂട്ടില്‍ പക്രന്തളം ചുരം റോഡില്‍ പരക്കെ കുഴികളാണ്. മുടിപ്പിന്‍ വളവുകളില്‍ പലയിടത്തും ചതിക്കുഴികളുണ്ട്. രാത്രി കോടമഞ്ഞുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കുഴികള്‍ ശ്രദ്ധയില്‍പെടാത്ത സ്ഥിതിയാണ്. അന്തര്‍സംസ്ഥാന പാതയായിട്ടും യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. അശാസ്ത്രീയ രൂപത്തില്‍ നിര്‍മിച്ച റോഡില്‍ കുഴികളുമായതോടെ വാഹനയാത്ര പ്രയാസകരമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.