ജീവിതം നെയ്തെടുക്കണം; ജീർണാവസ്ഥയിൽ പന്തലായനി നെയ്ത്ത് ഫാക്ടറി; ആശങ്കയോടെ തൊഴിലാളികൾ


കൊയിലാണ്ടി: അനേക ജീവിതങ്ങൾ നെയ്തെടുത്തും വർണ്ണം പകർന്നും മുന്നേറി കൊണ്ടിരുന്ന പന്തലായനി നെയ്ത്ത് ഫാക്ടറി ജീർണാവസ്ഥയിൽ. ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടവും ജോലിക്കനുസരിച്ചുള്ള വേതനവും ലഭിക്കാതായതോടെ ഈ ഹാൻഡിലൂമിന്റെ ഹൃദയ താളം നിലയ്ക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. കൈത്തറി മേഖല മുന്നോട്ടു കൊണ്ട് പോകുവാൻ വിവിധ പദ്ധതികൾ സർക്കാർ വിഭാവന ചെയ്തിട്ടുണ്ടെങ്കിലും പ്രതിസന്ധികളിൽ നിന്ന് കരകയറാനാകാതെ ഉഴലുകയാണ് കൊയിലാണ്ടിയിലെ പന്തലായനി നെയ്ത്ത് സഹകരണ സംഘം.

1925-ൽ ആണ് നെയ്ത്ത് സഹകരണ സംഘം പന്തലായനിയിൽ സ്ഥാപിതമായത്. 1926ൽ പ്രവർത്തനമാരംഭിച്ചു. തെരുവകളിലെ ആളുകൾക്ക് ജോലി നൽകുക എന്നതായിരുന്നു സ്ഥാപനോദ്ദേശം. പ്രധാനമായും ചായം മുക്കൽ, നെയ്ത്ത് എന്നി ജോലികൾ ഇവിടെ നടന്നു പോരുന്നു. ഇവിടെ ഉല്പാദിപ്പിക്കുന്ന തുണികളുടെ ഗുണനിലവാരം മെച്ചമാണെന്ന കാര്യത്തിൽ ഉപഭോക്താക്കൾക്ക് എതിരഭിപ്രായമില്ല. ഇപ്പോൾ ഷർട്ട്, മുണ്ട്, കാവി മുണ്ട്, ഷീറ്റ് തോർത്ത്, ലുങ്കി എന്നിവയാണ് ഉല്പാദിപ്പിക്കുന്നത്. എന്നാൽ ഇതിനു പുറമെ ചുരിദാർ, ലിനൻ, ഫർണിഷിംഗ് തുടങ്ങിയ പുതിയ മേഖലകളിലേക്ക് കൈത്തറി വ്യാപിപ്പിക്കണമെന്നും അതിനാണ് ഇനി സാധ്യത കൂടുതലുമെന്നുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പുത്തൻ മാറ്റങ്ങൾ കൈത്തറി ഉൾക്കൊണ്ടാൽ മാത്രമേ ഇനി ഭാവി ഉണ്ടാവുകയുള്ളു എന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

എന്നാൽ ജോലിക്കനുസൃതമായ വേതനം ലഭിക്കാതായതും മറ്റൊരു പ്രശ്നമായി. കൂലി ഇല്ലാതായതോടെ പതിയെ തൊഴിലാളികളും മറ്റു മേഖലകളിലേക്ക് ജോലി അന്വേഷിച്ചു പോകേണ്ട അവസ്ഥയിലാണ്. പലരും ഈ രംഗം ഉപേക്ഷിച്ചു കഴിഞ്ഞു. മികച്ച നെയ്ത് തൊഴിലാളികൾക്ക് പോലും അകെ ലഭിക്കുക 350 രൂപയാണ്.

ഇതിനു പുറമെ കെട്ടിടവും ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലാണ്. ബീച്ച് റോഡിനടുത്ത് ഒരു ഏക്കർ പതിനാറ് സെന്റ് സ്ഥലത്താണ് ഫാക്ടറി. കൃത്യമായ മെയ്ന്റൻസ് ഇല്ലാതായതോടെ കെട്ടിടം നശിച്ചു. ഇത് കൂടാതെ നെയ്ത്തുകാരുടെ കോളനിക്കായി മുചുകുന്നിൽ വാങ്ങിയ 25 – ഏക്കർ സ്ഥലത്തിൽ നിന്ന് 20 ഏക്കർ ഭരണസമിതി മുചുകുന്നു കോളേജിന് വിറ്റു. ബാക്കി 5 ഏക്കർ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ടൗണിൽ ആറ് കടകൾ സൊസൈറ്റിക്ക് ഉണ്ട്. ഒന്നിൽ ഡിപ്പോയും 4 മുറികൾ വാടകയ്ക്കും നല്കിയിരിക്കുകയാണ്. സ്ഥലം സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും കൃത്യമായ പരിപാലനമോ പദ്ധതികളോ ഇല്ലാതെ നെയ്ത്ത് നിലക്കുമെന്ന അവസ്ഥയാണിപ്പോൾ.

ഭരണസമിതി യോഗങ്ങൾ കൃത്യമായി നടത്താറുണ്ടെങ്കിലും മാറുന്ന കാലത്തിനൊത്ത് നീങ്ങാനുള്ള പദ്ധതികളൊന്നും വിഭാവന ചെയ്യുന്നില്ല എന്നാണ് നെയ്ത്തിൽ നിന്ന് മാറിയ തൊഴിലാളികൾ പറയുന്നത്. പുതിയ കെട്ടിടവും പുത്തൻ ആശയങ്ങളും വൈവിധ്യവും കൊണ്ട് വന്നാൽ മാത്രമേ കൈത്തറിക്കിനി ഒരുയർച്ച ഉണ്ടാവൂ എന്നാണ് ഇവരുടെ അഭിപ്രായം.

ഒരു കാലത്ത് ഇന്ത്യൻ സമ്പദ് ഘടന ആശ്രയിച്ചിരുന്ന പരമ്പരാഗത വ്യവസായം ആയിരുന്നു കൈത്തറി. എന്നാൽ കാലക്രമേണ ഇത് പിന്നാമ്പുറത്തേക്ക് മാറ്റപെടുകയായിരുന്നു. കൈത്തറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും, കൈത്തറിക്ക് കൂടുതൽ പ്രചാരണം നൽകിയും, സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകിയും കൈത്തറിയെ കൈപിടിച്ച് കേറ്റാൻ സർക്കാരിന്റെ ശ്രമങ്ങൾ ഏറെ നടക്കുന്നുണ്ടെങ്കിലും പഴയ പ്രൗഢിയിലേക്ക് തിരികെ എത്താൻ സാധിച്ചിട്ടില്ല.

ആശങ്കകളുടെ മദ്ധ്യത്തിലും കൈ തറിയുടെ നാഡി ഇടിപ്പുകൾ വീണ്ടും ശക്തിയായി മിടിച്ചു തുടങ്ങുമെന്നുള്ള പ്രാർത്ഥനയോടൊപ്പം ആഗ്രഹങ്ങളും നെയ്തെടുക്കുകയാണ് ഇവിടുത്തെ തൊഴിലാളികൾ.