ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ മോഷണം; ജ്യേഷ്ഠന്റെ ബൈക്ക് മോഷ്ടിച്ച കള്ളനെ കയ്യോടെപൊക്കി അനുജന്‍, സംഭവം നാദാപുരത്ത്


നാദാപുരം: മോഷ്ടിച്ച ബൈക്കുമായി കടന്നകളയാന്‍ ശ്രമിച്ചയാളെ പിടികൂടി യുവാവ്. വാണിമേല്‍ കോടിയുറ ഒടുക്കോന്റവിട സുഹൈലി (22) നെയാണ് ഇന്നലെ കല്ലാച്ചിയില്‍ പിടികൂടിയത്. ബൈക്ക് ഉടമയുടെ സഹോദരന്‍ പ്രേംരാജാണ് ബൈക്കുമായി പോകാനൊരുങ്ങിയ പ്രതിയെ പിടികൂടിയത്.

വിഷ്ണുമംഗലം സ്വദേശിയും തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറുമായ ചാലില്‍ മീത്തല്‍ പ്രവീണ്‍ രാജിന്റെതാണ് മോഷണം പോയ ബൈക്ക്. തിരുവനന്തപുരത്തേക്ക് ജോലിക്ക് പോവുന്നതിനിടെ വടകര കെഎസ്ആര്‍ടിസി സബ് സെന്ററില്‍ പാര്‍ക്ക് ചെയ്തതായിരുന്നു ബൈക്ക്. ജ്യേഷ്ഠന്റെ ബൈക്ക് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കല്ലാച്ചിയില്‍ കണ്ട അനുജന്‍ പ്രേംരാജ് ബൈക്കുമായി പോകാന്‍ ഒരുങ്ങിയ സുഹൈലിനെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. പ്രതിയെ പിടികൂടിയതോടെ എട്ട് ലക്ഷം രൂപയുടെ റോളക്‌സ് വാച്ച് അടക്കം മോഷ്ടിച്ച കേസിനു തുമ്പ് ലഭിച്ചു.

ഖത്തറില്‍ ജോലിക്കാരനായ നാദാപുരത്തെ തടങ്ങാട്ട് അബ്ദുല്ലയുടേതാണ് പത്ത് വജ്രങ്ങള്‍ പതിച്ച എട്ട് ലക്ഷം രൂപയുടെ റോളക്‌സ് വാച്ച്.പാലക്കാട് ജില്ലാ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സുഹൈല്‍ ബസില്‍ വടകര എത്തിയാണ് ബൈക്ക് മോഷ്ടിച്ച് നാദാപുരത്തേക്ക് പുറപ്പെട്ടത്. ബൈക്കില്‍ പെട്രോള്‍ തീര്‍ന്നതോടെ അബ്ദുല്ലയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കാനായിരുന്നു കയറിയത്. വാതിലുകള്‍ തുറന്നതു കണ്ട് അകത്തു കയറി വാച്ചും എണ്‍പതിനായിരം രൂപയും മോഷ്ടിച്ചു ഈ വാച്ച് വില്‍പന നടത്താനുള്ള ശ്രമത്തിനാണ് കല്ലാച്ചിയിലെത്തിയത്. നേരത്തെ വടകര, വളയം, നാദാപുരം കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ പിടിച്ചുപറി, വീട് കയറി മോഷണം, കഞ്ചാവ് കടത്ത് കേസുകളില്‍ പ്രതിയാണ് സുഹൈലെന്ന് എസ്‌ഐ ആര്‍.എന്‍.പ്രശാന്ത് പറഞ്ഞു. നാദാപുരത്ത് മാത്രം പത്തോളം കേസുകളില്‍ പ്രതിയാണ്. ഇന്നുകോടതിയില്‍ ഹാജരാക്കും.