ചാര്‍ജ് തീര്‍ന്നു പോകുമെന്ന് ആശങ്ക വേണ്ട; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കൊയിലാണ്ടി മണ്ഡലത്തില്‍ ഏഴ് ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു


കൊയിലാണ്ടി: ഇന്ധനവിലവര്‍ധന ദിവസേന ആശങ്കപ്പെടുത്തുമ്പോള്‍ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ആശ്വാസമായി കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍. ഇലട്രിക്ക് വാഹനങ്ങള്‍ക്കായി കൊയിലാണ്ടി മണ്ഡലത്തില്‍ ഏഴ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

പൂക്കാട് – തോരയിക്കടവ് റോഡ്, ചെങ്ങോട്ടുകാവ് ടൗണ്‍, കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡ് 1, കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡ് 2, കൊല്ലം ചിറ, നന്തി റെയില്‍വേ മേല്‍പാലത്തിന് ചുവടെ, പയ്യോളി നെല്ല്യേരി മാണിക്കോത്ത് എന്നീ കേന്ദ്രങ്ങിലാണ് ആദ്യഘട്ടത്തില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബി ആണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇന്ധന വിലക്കയറ്റവും പരിസ്ഥിതി മലിനീകരണവും പുതിയ തലമുറ ഉള്‍പ്പെടെയുള്ളവരെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതിന് വലിയ പ്രോത്സാഹനമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമാണ് സംസ്ഥാനത്തെ വിവധയിടങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.