കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (07/01/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

സംരംഭകത്വ പരിശീലന പരിപാടി

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ സൂക്ഷ്മ – ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായവും പത്താം ക്ലാസ്സ് വൊക്കേഷണല്‍/ ഐ.ടി.ഐ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്കായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെയും ആഭിമുഖ്യത്തില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന സംരംഭകത്വ പരിശീലന പരിപാടി ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാം ടിഎംഡിപി നടത്തുന്നു. ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 17 നകം വെളളയില്‍ ഗാന്ധി റോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2765770, 2766563.

ടെണ്ടര്‍ ക്ഷണിച്ചു.

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനു കീഴില്‍ നടപ്പിലാക്കുന്ന കക്കയം നീര്‍ത്തടം – ഡിഎല്‍ടി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ബിഡ് ഓപ്പണിംഗ് തീയതി ജനുവരി 10 ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0495 2370790.

സൈക്യാട്രിക് നഴ്‌സിംഗ് ഡിപ്ലോമ : 31 വരെ അപേക്ഷിക്കാം

കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. യോഗ്യത: ജനറല്‍ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദവും കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷാ ഫോം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.ac.in എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 9745156700.

ഐ.എച്ച്.ആര്‍.ഡി. : സെമസ്റ്റര്‍ പരീക്ഷ

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ് കോഴ്‌സ് റഗുലര്‍ 2021 സ്‌കീം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ സപ്ലിമെന്ററി 2020 സ്‌കീം) പരീക്ഷകള്‍ 2022 ജനുവരി മാസത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സെന്ററില്‍ ജനുവരി 11 വരെ ഫൈന്‍ കൂടാതെയും 15 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനുള്ള അപേക്ഷാ ഫോം സെന്ററില്‍ നിന്നും ലഭ്യമാണ്. വിശദവിവരങ്ങള്‍ www.ihrd.ac.in ൽ ലഭിക്കും.

റിഹാബ് എക്സ്പ്രസ് സേവനം കോഴിക്കോട്ടേയ്ക്കും

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ സാമ്പത്തിക സഹായത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍)സജ്ജീകരിച്ച റിഹാബ് എക്സ്പ്രസ് സേവനം ജില്ലയിലും. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ നൂതന ചികിത്സ നല്‍കുന്ന സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ സ്ഥാപനമാണ് നിപ്മര്‍. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും നിപ്മര്‍ സേവനം ജനങ്ങളിലേയ്ക്കെത്തിക്കുന്നതിന് റീഹാബ് എക്സ്പ്രസിന്റെ സേവനം ലഭ്യമാക്കാം.

ലോ ഫ്ളോര്‍ എ.സി ബസില്‍ ഭിന്നശേഷിക്കാര്‍ക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, കേള്‍വി പരിശോധന, ഭിന്നശേഷി സഹായ ഉപകരണ നിര്‍ണയ പരിശോധന, തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ റീഹാബ് എക്സ്പ്രസിന്റെ സേവനങ്ങള്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
റീഹാബ് എക്സ്പ്രസ്സ് പദ്ധതിയുടെ സേവനം പ്രയോജനപെടുത്താന്‍ ആഗ്രഹിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിവിധ കോളേജുകളിലെ എന്‍എസ്എസ് യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് അതത് ജില്ലാ സാമൂഹ്യ സുരക്ഷാ മിഷന്‍ ഓഫീസിലോ നിപ്മറില്‍ നേരിട്ടോ ബന്ധപ്പെടാം. റീഹാബ് എക്സ്പ്രസിന്റെ സേവനം സൗജന്യമാണെന്നും സംസ്ഥാനത്തിന്റെ ഏതു മേഖലയിലും സേവനം ഉറപ്പാക്കുമെന്നും നിപ്മര്‍ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ സി.ചന്ദ്രബാബു അറിയിച്ചു. ഫോൺ: 9288099588.

ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ് സീറ്റൊഴിവ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിൽ സീറ്റുകള്‍ ഒഴിവുണ്ട്. താൽപര്യമുള്ളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക് 9048922617, 9400635455.

പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ സൗജന്യ പരിശീലനം

കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴില്‍ താമരശ്ശേരിയിലെ പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ ഫാഷന്‍ ഡിസൈനിങ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നിഷ്യന്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ ടെക്‌നിഷ്യന്‍ തുടങ്ങിയ ഹ്രസ്വകാല സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: എസ്.എസ്.എല്‍.സി/ പ്ലസ് ടു. പ്രായ പരിധി: 34 വയസ്സ്. താല്പര്യമുള്ളവര്‍ ജനുവരി 10, 11 തിയ്യതികളില്‍ രേഖകള്‍ സഹിതം നേരിട്ട് എത്തണമെന്ന് അസി. സെന്റര്‍ കോഡിനേറ്റര്‍ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497562529, 9497653529.

അധ്യാപക കോഴ്‌സ് സീറ്റൊഴിവ്

ഗവ.ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17നും 35 നുമിടയിൽ. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി,പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.
ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. ജനുവരി 28 വരെ അപേക്ഷിക്കാം. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍,പത്തനംതിട്ട ജില്ല. 04734296496, 8547126028.

എച്ച്ഡി ബ്രൈഡല്‍ മേക്കപ്പ് പരിശീലനം

കോഴിക്കോട് ഗവ.വനിത ഐ.ടി.ഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഒരാഴ്ചത്തെ എച്ച്ഡി ബ്രൈഡല്‍ മേക്കപ്പ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 8086010400, 9539853888.

‘കലയുടെ ദര്‍ബാര്‍’ കോഴിക്കോട്ട്

ചിത്ര-ശില്പകലകളുടെ ആസ്വാദ്യത സംബന്ധിച്ച അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി ആവിഷ്‌കരിച്ച സംവാദാത്മക പരിപാടിയായ ‘കലയുടെ ദര്‍ബാര്‍’ കോഴിക്കോട് നടക്കും. നാളെ (ജനുവരി എട്ടിന് ) വൈകീട്ട് മൂന്ന് മണിക്ക് അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരി പി.എസ്. ജലജയുടെ കലാസൃഷ്ടികളുടെ സ്ലൈഡ് പ്രസന്റേഷന്‍ ഉണ്ടായിരിക്കും.

ഓട്ടോകാഡ് സോഫ്റ്റ്‌വെയര്‍ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ എലത്തൂര്‍ ഗവ. ഐ.ടി.ഐ.യിലെ ഐ.എം.സി. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 17 ന് ആരംഭിക്കുന്ന ഓട്ടോകാഡ് സോഫ്റ്റ്‌വെയര്‍ പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (എന്‍സിവിടി കെജിസിഇ), സര്‍വ്വേയര്‍ (എന്‍സിവിടി കെജിസിഇ), സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയവരോ ഇതേ ട്രേഡില്‍ അവസാന വര്‍ഷത്തില്‍ പഠിക്കുന്നവരോ ആയിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 12 ന് 11 മണിക്ക് അസ്സൽ എസ്എസ്എല്‍സി, ജാതി സര്‍ട്ടിഫിക്കറ്റ്, എന്‍ടിസി, കെജിസിഇ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതവും അവസാന വര്‍ഷം പഠിക്കുന്ന പരിശീലനാര്‍ത്ഥികള്‍ അസ്സൽ രേഖകൾക്കൊപ്പം സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതവും ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്ഡിസി അംഗീകാരമുള്ള കാഡ് സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങള്‍ക്ക് 0495-2461898, 9947895238.

യുവജന കമ്മീഷന്‍ ഗ്രീൻ യൂത്ത് കോഡിനേറ്ററെ തെരഞ്ഞെടുക്കുന്നു

ഗ്രീന്‍ യൂത്ത് ജില്ലാ കോഡിനേറ്ററെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി 10ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന് വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തല്‍, ഗ്രീന്‍ സോണ്‍ പദ്ധതി ആവിഷ്‌ക്കരിക്കല്‍, യുവകര്‍ഷകരെ കണ്ടെത്തുകയും കാര്‍ഷിക സംരംഭങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യൽ എന്നിവയാണ് ചുമതലകൾ. യോഗ്യത പ്ലസ് ടു. പ്രായപരിധി വയസ്സ് 18 നും 40നുമിടയിൽ. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസം 6000 രൂപ ഓണറേറിയം നല്‍കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 8,9,10 ക്ലാസില്‍ പഠിക്കുന്നവർക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31. അപേക്ഷാ ഫോം kmtwwfb.org ൽ ലഭ്യമാണ്. ഫോണ്‍ -0495 2767213.

അംശാദായ കുടിശ്ശിക അടക്കുന്നതിനുളള കാലാവധി നീട്ടി

ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയ കാലയളവിലെ കുടിശ്ശിക അടക്കുന്നതിനുളള കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

പി.ജി. സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (എസ്.സി-1, എസ്.ടി-1), എം.എ ഹിസ്റ്ററി (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ്-1), എം.എസ്.സി ഫിസിക്‌സ് (എസ്.സി-1) വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 10ന് ഉച്ചക്ക് 12 മണിക്കകം അസ്സൽ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരില്‍ 2022 ലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇതുവരെയും സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ജനുവരി 15 നകം സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in ല്‍ ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപെടുത്തിയതിനുശേഷം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്‌സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ അയക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ജനുവരി മുതല്‍ പെന്‍ഷന്‍ നൽകുകയുള്ളൂ. ഫോണ്‍ : 0495 2966577.

മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്: 16 പരാതികൾ തീർപ്പാക്കി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ16 പരാതികൾ തീർപ്പാക്കി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥിൻ്റെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിലേക്ക് 66 പരാതികളാണ് ലഭിച്ചത്. 45 കേസുകളിൽ പരാതിക്കാർ ഹാജരായി. പുതുതായി നാല് പരാതികൾ ലഭിച്ചു.

തൊഴിൽദായക പദ്ധതികളെ കുറിച്ച് ബോധവൽക്കരണ സെമിനാർ നടത്തി

ജില്ലയിൽ വ്യവസായ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്കായി പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതികളെ കുറിച്ച് ബോധവൽക്കരണ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന സെമിനാർ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്രസർക്കാറിന്റെ സൂക്ഷ്മ – ചെറുകിട വ്യവസായ മന്ത്രാലയം ആവിഷ്കരിച്ച് ഖാദി ഗ്രാമവ്യവസായ കമ്മീഷനും ഖാദി ഗ്രാമ വ്യവസായ ബോർഡും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായാണ് തൊഴിൽ പദ്ധതികൾ നടപ്പിലാക്കി വരുന്നത്.

ഗ്രാമപ്രദേശങ്ങളിൽ ആരംഭിക്കാവുന്നതും 25 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്നതുമായ വ്യവസായ സംരംഭങ്ങൾക്ക് മൊത്തം പദ്ധതി ചെലവിന്റെ 35% വരെ സബ്സിഡി അനുവദിക്കും. നിർമ്മാണ മേഖലയിൽ 25 ലക്ഷം രൂപയും സേവന മേഖലയിൽ 10 ലക്ഷം രൂപയുമാണ് പദ്ധതി ചെലവിന്റെ പരിധി. അംഗീകൃത ബാങ്കുകൾ അനുവദിക്കുന്ന വായ്പയുടെ അടിസ്ഥാന ത്തിലാണ് സബ്സിഡി അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ന്യൂനപക്ഷ വിഭാഗക്കാർ, വികലാംഗർ, വിമുക്ത ഭടൻമാർ, വനിതകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് അർഹമായ ഇളവ് നൽകി വരുന്നു. സംസ്ഥാനത്തുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ പ്രചരണാർത്ഥമാണ് ഖാദി ഗ്രാമ വ്യവസായ ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചത്. പദ്ധതികൾ സംബന്ധിച്ച വിശദവിവരം www.kviconline.gov.org ൽ ലഭിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് മെർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കോംകോ)യിലെ ജീവനക്കാർക്കുള്ള ഖാദി വസ്ത്ര വിതരണോദ്ഘാടനവും നടന്നു. കോംകോ പ്രസിഡൻ്റ് വി.ടി.സത്യൻ ജീവനക്കാർക്കുള്ള ഖാദി വസ്ത്രം ഏറ്റുവാങ്ങി.

ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി കെ.എ.രതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ, സെക്രട്ടറി അഹമ്മദ് കബീർ, വാർഡ് കൗൺസിലർ എസ്.കെ.അബൂബക്കർ, ഖാദി ബോർഡ് അംഗം കെ. ലോഹ്യ, ലീഡ് ഡിസ്ട്രിക്ട് മാനേജർ ടി.എം. മുരളീധരൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ കെ.രാജീവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

താത്കാലിക അധ്യാപക നിയമനം

കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഫിസിക്‌സ് വിഷയത്തിൽ താത്കാലിക അധ്യാപക നിയമനത്തിന് ജനുവരി 11ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.

ചേളന്നൂർ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കം

ചേളന്നൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ നിർമാണോദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു.

കേന്ദ്ര- സംസ്ഥാന സർക്കാരുകളും ചേളന്നൂർ പഞ്ചായത്തും സംയുക്തമായി പൊതു ജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി വഴി ചേളന്നൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലും ടാപ്പ് വഴി ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന 31 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണിയിലേക്കും തിരിച്ചുമുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുമായി 38.4 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

ചടങ്ങിൽ ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.നൗഷീർ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എം പി, സംസ്ഥാന ജല അതോറിറ്റി അംഗം ടി.വി.ബാലൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന ജല അതോറിറ്റി ടെക്നിക്കൽ മെമ്പർ ജി.ശ്രീകുമാർ പദ്ധതി വിശദീകരിച്ചു. ചേളന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗൗരി പുതിയോത്ത്, വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി.സുരേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ പി.കെ.കവിത, ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സി.പി.നൗഷീർ, ജല അതോറിറ്റി ഉത്തരമേഖല ചീഫ് എഞ്ചിനീയർ എസ്.ലീനകുമാരി, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിതേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്

തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന് നടക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പൂർണ്ണമായും സർക്കാർ ധനസഹായത്താൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമായി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് ‘അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി’. അപകടമരണങ്ങൾക്കും പൂർണ്ണ അവശതക്കും 10 ലക്ഷം രൂപയാണ് ധനസഹായം. പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ മുഖേനയാണ് പദ്ധതി നടപ്പാക്കി വരുന്നത്. വിവിധങ്ങളായ കാരണങ്ങളാൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ കഴിയുന്ന തരത്തിൽ ഇൻഷുറൻസ് കമ്പനികളുമായി അദാലത്ത് നടത്തുവാൻ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു. തെക്കന്‍ ജില്ലകളിലെ അര്‍ഹരായവര്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് വച്ചു ഡിസംബര്‍ 28 ന് നടത്തിയ ഒന്നാം ഘട്ട അദാലത്തില്‍ പരിഗണനയ്ക്ക് വന്ന 145 അപേക്ഷകളില് 89 എണ്ണവും തീര്‍പ്പാക്കിയിരുന്നു. ബാക്കിയുള്ളവ ഉദ്യോഗസ്ഥ തല അദാലത്തുകളിൽ തീർപ്പാക്കുവാൻ നിർദ്ദേശം നൽകി. 8.50 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് അന്ന് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2022 ജനുവരി 15 ശനിയാഴ്ച രാവിലെ 10 മണി മുതൽ കോഴിക്കോട് വരക്കല്‍ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടക്കുന്ന വടക്കന്‍ മേഖലാ അദാലത്ത് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അര്‍ഹരായ എല്ലാ മത്സ്യത്തൊഴിലാളികളും ഈ അവസരം വിനിയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ജലവിതരണ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ

എലത്തൂർ നിയോജക മണ്ഡലത്തിൽ ജല ജീവൻ മിഷൻ വഴി നടപ്പിലാക്കുന്ന ജലവിതരണ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ. മണ്ഡലത്തിൽ ജലജീവൻ മിഷൻവഴി നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജലസേചന വകുപ്പുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി പദ്ധതി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥതല യോഗത്തിൽ ധാരണയായി.

കക്കോടി, കുരുവട്ടൂർ, ചേളന്നൂർ പഞ്ചായത്തുകളിലെ കനാൽ റോഡുകളിൽ പൈപ്പ് ലൈൻ, കുടിവെള്ള കണക്ഷൻ എന്നിവക്ക് കുഴിയെടുക്കുന്നതിന് ജലസേചന വകുപ്പ് അനുമതി നൽകിയതായി ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. ജലജീവൻ മിഷൻ വഴി കുടിവെള്ള വിതരണത്തിന് വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൃത്യമായി നടപ്പിലാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ ജലജീവൻ മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ്.ബിജു, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ സി.എച്ച്.ഹാബി, ബിനോജ് കുമാർ, അജിത്, ഹമീദ്, അസിസ്റ്റൻ്റ് എഞ്ചിനീയർ കെ.ടി.സുജാത, ഓവർസിയർ സുപിൻ തുടങ്ങിയവർ പങ്കെടുത്തു.

സപ്ലൈ കേരള’ സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്ന പദ്ധതി: മന്ത്രി അഹമ്മദ് ദേവർ കോവിൽ

വിപണിയിലെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സപ്ലൈകോ ആവിഷ്കരിച്ച ഓൺലൈൻ വിതരണ സംവിധാനം ‘സപ്ലൈ കേരള’ സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ. ജില്ലാ പ്ലാനിങ് കോൺഫറൻസ് ഹാളിൽ ‘സപ്ലൈ കേരള’ ആപ്ലിക്കേഷൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനത്തിൽ കാലികമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്നതാണ് ബിസിനസിലെ വിജയം. ഗുണമേന്മയുള്ള സാധനങ്ങൾ വിലക്കുറവിൽ വിൽക്കുന്ന സപ്ലൈകോ പൊതു വിപണിയിൽ വൻകിട കുത്തക കമ്പനികൾ സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയപ്പോൾ സൂപ്പർ മാർക്കറ്റുകൾ ആരംഭിച്ചു. നിലവിലെ ജീവിത സാഹചര്യത്തിൽ ഓൺലൈൻ വിപണിക്ക് പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയതോടെ ഒറ്റ ക്ലിക്കിൽ സാധനങ്ങൾ വീട്ടുമുറ്റത്തെത്തിക്കാനും ഇതോടെ സംവിധാനമൊരുക്കിയിരിക്കുകയാണ്. സാധനങ്ങളുടെ വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിലും സപ്ലൈകോ നൽകുന്ന സേവനം മനസ്സിലാകണമെങ്കിൽ വിപണി വിലയുമായി സപ്ലൈകോ വില ഒത്തു നോക്കണം. ഇവിടെ ലാഭം കുത്തക മുതലാളിമാരുടെ കീശയിലേക്കല്ല പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇത്തരം പൊതു സംവിധാനങ്ങൾ പൂഴ്ത്തിവെപ്പിനും വിലക്കയറ്റത്തിനുമെതിരേയുള്ള ഫലപ്രദമായ മാർഗ്ഗങ്ങളാണ്. കുടുംബ ബജറ്റിനനുസരിച്ച് ചെലവ് നിയന്ത്രിക്കാൻ സാധാരണക്കാർക്ക് സപ്ലൈകോ സഹായകമാണെന്നും മന്ത്രി പറഞ്ഞു.

‘സപ്ലൈ കേരള’ എന്ന ആപ്ലിക്കേഷൻ വഴി സപ്ലൈകോ ഓൺലൈൻ സെയിൽസ് ആൻഡ് ഹോം ഡെലിവറിയിലൂടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയും ഓൺലൈൻ വിൽപ്പനയും വിതരണവും സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ തൃശ്ശൂരിൽ നിർവ്വഹിച്ചിരുന്നു.

‘സപ്ലൈ കേരള’ ആപ്പിലൂടെ തൊട്ടടുത്ത ഔട്ട് ലെറ്റ് തെരെഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. ഓൺലൈനായി ഓർഡർ ചെയ്യുന്നത് വഴി ഉപഭോക്താക്കൾക്ക് ക്യൂ നിൽക്കാതെയും സമയവും പണവും ലാഭിച്ചും വീട്ടിലിരുന്ന് സപ്ലൈകോയിലൂടെ അവശ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ലഭിക്കും. ജില്ലയിൽ ആദ്യഘട്ടത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തെ അപ്ന ബസാർ, കോഴിക്കോട് മാവൂർ റോഡിലെ പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.

എല്ലാ ബ്രാൻഡഡ് ഉല്പന്നങ്ങൾക്കും എംആർ പി യിൽ നിന്നും 5% മുതൽ 30% വരെ വിലക്കിഴിവ് സപ്ലൈകോ ഉറപ്പ് നൽകുന്നു. ഇതിനു പുറമെ ഓരോ ഓൺലൈൻ ബില്ലിനും 5% കിഴിവും ബിൽ തുകക്ക് അനുസൃതമായി സമ്മാനങ്ങളും നൽകുന്നുണ്ട്.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സപ്ലൈകോ കോഴിക്കോട് റീജ്യണൽ മാനേജർ എൻ.രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് കുമാരി ലത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി.ബിജു രാജ്, അഡ്വ.എ.കെ.സുകുമാരൻ, അബ്ദുറഹ്മാൻ, കെ.സത്യനാഥൻ, പ്രശാന്ത് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.