കൊയിലാണ്ടി ന്യൂസ് ഡോട് കോമും Sky ടൂർസ് & ട്രാവൽസ് കൊയിലാണ്ടിയും അവതരിപ്പിക്കുന്നു: കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021; ആദ്യഘട്ട വോട്ടിങ്ങിനായുള്ള പതിനാല് പേരുടെ പട്ടിക ഇതാ…



കൊയിലാണ്ടി: കൊവിഡ് മഹാമാരിയുടെ ആഘാതത്താല്‍ നിറം മങ്ങിയ വര്‍ഷമായിരുന്നു 2021. എന്നാല്‍ കൊവിഡിനിടയിലും പ്രതീക്ഷയുടെ നേര്‍ത്ത കിരണങ്ങളായി നിരവധി വാര്‍ത്തകളും വാര്‍ത്താമുഖങ്ങളും നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നു. നമ്മുടെ കൊയിലാണ്ടിയിലും ഉണ്ട് അത്തരം നിരവധി വാര്‍ത്താ താരങ്ങള്‍.

ഇത്തരത്തില്‍ 2021 ല്‍ വാർത്തകളിലൂടെ ഏറ്റവും കൂടുതല്‍ ശ്രദ്ധേയനായ കൊയിലാണ്ടി സ്വദേശിയെ കണ്ടെത്തുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമും Sky ടൂർസ് & ട്രാവൽസ് കൊയിലാണ്ടിയും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021 എന്ന പരിപാടിയിലൂടെ. ഞങ്ങളുടെ എഡിറ്റോറിയല്‍ ടീം സൂക്ഷ്മപരിശോധനയിലൂടെ കണ്ടെത്തിയ വ്യക്തികള്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്ന് വായനക്കാരാണ് കഴിഞ്ഞ വര്‍ഷത്തെ കൊയിലാണ്ടിയുടെ വാര്‍ത്താ താരത്തെ തെരഞ്ഞെടുക്കുന്നത്.

നമ്മുടെ നാടിന്റെ അഭിമാനതാരങ്ങളായ പതിനാല് പേരെയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം എഡിറ്റോറിയല്‍ ടീം കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ ഓരോരുത്തരും നമുക്ക് സുപരിചിതരാണ്. അവരവരുടെ മേഖലകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവർ ഓരോരുത്തരും വാർത്താ താരങ്ങൾ തന്നെയാണ്.

ഇവരില്‍ ആരെയാണ് കൊയിലാണ്ടിക്കാർ വാർത്താ താരമായി തെരഞ്ഞെടുക്കുക എന്നതാണ് ഇനിയുള്ള ദിവസങ്ങളിൽ ആകാംക്ഷയോടെ നമ്മൾ കാത്തിരിക്കുന്നത്. പൂർണ്ണമായും ജനാധിപത്യപരമായി വോട്ടിങ്ങിലൂടെയാണ് വാർത്താ താരത്തെ കണ്ടെത്തുക.

ഇന്ന് വൈകീട്ട് ഏഴ് മണി മുതൽ വായനക്കാർക്ക് തങ്ങളുടെ വാർത്താ താരത്തെ കണ്ടെത്താനായുള്ള വോട്ടിങ് ആരംഭിക്കും. ആദ്യഘട്ട വോട്ടിങ്ങിനായി കൊയിലാണ്ടി ന്യൂസ് ഡോട് കോം എഡിറ്റോറിയൽ ടീം കണ്ടെത്തിയ പതിനാല് പേരെ അറിയാം.

1. അഡ്വ. കെ.പ്രവീൺ കുമാർ

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ. കെ.പി.സി.സിയുടെ നേതൃമാറ്റത്തെ തുടർന്ന് ജില്ലയിൽ കോൺഗ്രസിനെ നയിക്കാനായി എത്തിയ അഡ്വ. കെ.പ്രവീൺ കുമാർ കീഴരിയൂർ സ്വദേശിയാണ്.

2. ബിന്ദു അമ്മിണി

വനിതാ-ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകയുമായ ബിന്ദു അമ്മിണി എതിർപ്പുകൾ മറികടന്ന് ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തിയതോടെ ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. ഇതേ തുടർന്ന് സംഘപരിവാറിൽ നിന്ന് നിരന്തരമായി ആക്രമണങ്ങൾ നേരിടുകയും അതിനെ ധീരമായി നേരിടുകയും ചെയ്തതിലൂടെയാണ് 2021 ൽ വാർത്തകളിൽ നിറഞ്ഞത്. പൊയിൽക്കാവ് സ്വദേശിനിയാണ്.

3. സി.രാഘവൻ

മണ്ണിനെയും മരങ്ങളെയും പ്രകൃതിയെയും നിസ്വാർത്ഥമായി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സി.രാഘവൻ അരിക്കുളം സ്വദേശിയാണ്. തന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2021 ലെ വനമിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

4. ഡോ. സന്ധ്യ കുറുപ്പ്

കോവിഡ് മഹാമാരിയെ ലോകം നേരിടുമ്പോൾ നമ്മുടെ കൊയിലാണ്ടിയിൽ അതിന് നേതൃത്വം നൽകിയത് ഡോ. സന്ധ്യ കുറുപ്പാണ്. കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ ജനറൽ മെഡിസിൻ ഡോക്ടറായ സന്ധ്യ കുറുപ്പ് കോവിഡ് നോഡൽ ഓഫീസർ കൂടിയാണ്.

5. കെ.ദാസൻ

പത്ത് വർഷം കൊയിലാണ്ടിയെ പ്രതിനിധീകരിച്ച ശേഷം 2021 ൽ നിയമസഭയുടെ പടിയിറങ്ങിയ കെ.ദാസൻ പുളിയഞ്ചേരി സ്വദേശിയാണ്. കൊയിലാണ്ടി നഗരസഭയുടെ ചെയർമാൻ കൂടിയായിരുന്ന അദ്ദേഹം ഇപ്പോൾ പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരുന്നു.

6. കാനത്തിൽ ജമീല

കൊയിലാണ്ടിയുടെ എം.എൽ.എയായ കാനത്തിൽ ജമീല അത്തോളി സ്വദേശിനിയാണ്. മികച്ച ഭൂരിപക്ഷത്തോടെയാണ് കൊയിലാണ്ടിക്കാർ 2021 ൽ കാനത്തിൽ ജമീലയെ ജയിപ്പിച്ചത്.

7. മനു അശോക്

വൻ വിജയമായ ‘ഉയരെ’ എന്ന ആദ്യചിത്രത്തോടെ കൊയിലാണ്ടിയുടെ അഭിമാനതാരമായ സംവിധായകൻ. 2021 ൽ പുറത്തിറങ്ങിയ ‘കാണക്കാണെ’ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു. ചേമഞ്ചേരി സ്വദേശിയാണ്.

8. എൻ.സുനിൽ കുമാർ

കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടറായ എൻ.സുനിൽ കുമാർ നിരവധി കേസുകൾ സമർത്ഥമായി തെളിയിച്ച ഉദ്യോഗസ്ഥനാണ്. മുമ്പ് കൊയിലാണ്ടി സബ് ഇൻസ്പെക്ടറായിരുന്ന അദ്ദേഹം കൊയിലാണ്ടിയിൽ നടത്തിയ പ്രവർത്തനങ്ങളുടെയും കേസന്വേഷണങ്ങളുടെയും പേരിൽ ശ്രദ്ധേയനായ അദ്ദേഹം പൊലീസിലെ ജനകീയ മുഖമാണ്.

9. നിധീഷ് നടേരി

മാധ്യമപ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമാണ് നിധീഷ് നടേരി. ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾക്കായി തൂലിക ചലിപ്പിച്ചു. വെള്ളം എന്ന ചിത്രത്തിലെ നിധീഷ് രചിച്ച ‘ആകാശമായവളേ’ എന്ന ഗാനത്തിലൂടെയാണ് ഷഹബാസ് അമന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. കൊയിലാണ്ടി നടേരി സ്വദേശിയാണ്.

10. റിഹാൻ റാഷിദ്

കൊയിലാണ്ടിയുടെ എഴുത്തുകാരനാണ് റിഹാൻ റാഷിദ്. നോവലുകളും യാത്രാ വിവരണങ്ങളും ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിയാണ്.

11. രോഹൻ കുന്നുമ്മൽ

അണ്ടർ-19 ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച കൊയിലാണ്ടിയുടെ അഭിമാനമായ യുവ ക്രിക്കറ്റ് താരം. കഴിഞ്ഞ വർഷം നടന്ന വിവിധ ടൂർണ്ണമെന്റുകളിലെ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ വാർത്തകളിൽ നിറഞ്ഞു. കൊല്ലം മന്ദമംഗലം സ്വദേശിയാണ് രോഹൻ.

12. ഷഫീഖ് വടക്കയിൽ

പയ്യോളി നഗരസഭയുടെ പ്രഥമ ചെയർമാൻ. പതിനേഴാം ഡിവിഷനായ തച്ചൻകുന്നിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

13. ഷാഫി കൊല്ലം

പ്രത്യേകിച്ചൊരു മുഖവുര ആവശ്യമില്ലാത്ത കൊയിലാണ്ടിയുടെ സ്വന്തം പാട്ടുകാരൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ 2021 ൽ പുറത്തിറങ്ങിയ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് വരികളെഴുതി. കൊല്ലം സ്വദേശിയാണ്.

14. ടി.ടി.ഇസ്മായിൽ

കെ-റെയിൽ വിരുദ്ധ സമര സമിതിയുടെ ചെയർമാൻ. മുസ്ലിം ലീഗ് നേതാവായ അദ്ദേഹം മുൻ പി.എസ്.സി അംഗം കൂടിയാണ്. വെങ്ങളം കാട്ടിലെപ്പീടിയിലാണ് അദ്ദേഹം താമസിക്കുന്നത്.

[vote]