കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്; ഉയർന്ന ശബ്ദത്തിൽ വീഡിയോ കാണുന്നതും നിരോധിച്ചു


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരങ്ങളും ഉപയോ​ഗ​വും, ശബ്ദ ചിത്രങ്ങൾ വീക്ഷിക്കുന്നതിനും നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി.

കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യുന്ന ചില യാത്രാക്കാർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തിൽ വീഡിയോ, ഗാനങ്ങൾ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത്. എല്ലാത്തരം യാത്രക്കാരുടേയും താൽപ്പര്യങ്ങൾ പരമാവധി സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെ.എസ്.ആർ.ടി.സിയുടെ ശ്രമം.

കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളിൽ യാത്രക്കാർ തമ്മിൽ അനാരോ​ഗ്യവും, അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി ഇത്തരത്തിലുള്ള ഉപയോ​ഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

ഇത് ബസുകൾക്കുള്ളിൽ എഴുതി പ്രദർശിപ്പിക്കും. കൂടാതെ ബസിനുള്ളിൽ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും ഈ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യും.