കൂലി പണിക്കാരൻ മാസ്സ് മോഡലായി; വൈറലായി കൊടുവള്ളി സ്വദേശിയായ അറുപതുകാരൻ (കിടിലൻ വീഡിയോ കാണാം)


കോഴിക്കോട്: കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി പോകുന്ന മമ്മിക്കയെ കണ്ടു പരിചയമുള്ള കൊടുവള്ളി സ്വദേശിക്കാർ പലരും ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ചിത്രങ്ങൾ കണ്ട് കണ്ട് ഞെട്ടി. സ്റ്റെയിലിഷ് കോട്ടും സ്യൂട്ടും ധരിച്ച് കയ്യിലൊരു ഐ പാഡുമായി മമ്മിക്ക.

ലുങ്കിയും ഷര്‍ട്ടും തൂവെള്ള തടിയുമുള്ള രൂപമാണ് മമ്മിക്കയുടെ സ്ഥായിരൂപം. കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് പാറക്കടവിലാണ് ഇദ്ദേഹത്തിന്റെ സ്വദേശം. ഇപ്പോഴും കൂലിപണിയെടുത്താണ് അദ്ദേഹം കുടുംബം പോറ്റുന്നത്. കഴിഞ്ഞ ദിവസം പതിവുപോലെ ജോലി കഴിഞ്ഞ് അതേ വസ്ത്രത്തിൽ തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് മമ്മിക്കയെത്തേടി അപ്രതീക്ഷിതമായാണ് ആ ഭാഗ്യമെത്തുന്നത്. അതുവരെ മമ്മിക്കയെ മുഷിഞ്ഞ വസ്ത്രത്തിൽ കണ്ടിരുന്ന നാട്ടുകാർക്കും അതൊരു അത്ഭുതമായിരുന്നു. വൈകി വന്ന അവസരമാണെങ്കിലും തനിക്ക് അവസരം ലഭിച്ചാല്‍ ഇനിയും മോഡലിംഗ് ചെയ്യാൻ തയ്യാറാണെന്ന് മമ്മിക്ക പറയുന്നു.

ഷരീഖ് വയലിലെന്ന ഫോട്ടോഗ്രാഫറാണ് മമ്മിക്കയിലെ മോഡലിനെ കണ്ടെത്തിയത്. വൈറലായ ഫോട്ടോഷൂട്ടിന്റെ പിന്നിലും ഷരീഖ് തന്നെയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മേക്കോവറിന്റെ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ആളുകളിലെത്തിയത്. അതിന് പിന്നാലെ ചിത്രങ്ങള്‍ പുറത്ത് വിടുകയും ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

മേക്കോവറിന്റെ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളില്‍ നടന്‍ വിനായകന്റെ മാരക ലുക്കാണ് മമ്മിക്കയ്‌ക്കെന്ന് പല അഭിപ്രായങ്ങൾ ഉയർന്നതോടെ പരസ്യ ഷൂട്ടിങ്ങിനായുള്ള മോഡലായി ഈ അറുപത്കാരൻ തന്നെയെന്ന് ഷരീഖ് ഉറപ്പിക്കുകയായിരുന്നു.

ആദ്യാവസരത്തിന്റെ പരിഭ്രമങ്ങളൊക്കെ മാറ്റിവച്ച് നിമിഷ നേരം കൊണ്ടാണ് നല്ല ചുറു ചുറുക്കുള്ള മോഡലായി മമ്മിക്ക മാറിയത്. ഒരു സ്ഥാപനത്തിന്റെ പരസ്യത്തിനായാണ് അണിയറപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മോഡലാക്കിയത്. മജ്‌നാസ് എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് മമ്മിക്കയുടെ രൂപമാറ്റത്തിന് പിന്നിലെ കലാകാരൻ. ആഷിക്ക് ഫുവാദ്, ഷബീബ് വയലില്‍ എന്നിവരും അസിസ്റ്റന്റായി ഒപ്പമുണ്ടായിരുന്നു.

നാട്ടിലിപ്പോൾ മമ്മിക്ക വെറും മമ്മിക്കയല്ല, മോഡൽ മമ്മിക്കയാണ്. ഒരു ദിനം കൊണ്ട് തന്നെ വൈറലായ സ്റ്റൈൽ മന്നൻ.

വീഡിയോ കാണാം: