കീഴരിയൂര്‍ ആനപ്പാറ ക്വാറിവിരുദ്ധ സമരത്തിന് പിന്തുണയുമായി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍ കുമാര്‍


കീഴരിയൂര്‍: ആനപ്പാറയിലെ ക്വാറിവിരുദ്ധ സമരത്തിന് പിന്തുണയുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍ കുമാര്‍. ഖനനം കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ നടത്തുന്ന സമരത്തോടൊപ്പം അവസാനം വരെ കോണ്‍ഗ്രസുണ്ടാവുമെന്നും ക്വാറിയിലെ ഉഗ്രസ്‌ഫോടനങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം വരുത്തിയുട്ടുണ്ടെന്നും അഡ്വ.കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ക്വാറിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ആനപ്പാറയിലെ ക്വാറിവിരുദ്ധ സമതിയുടെ നേതൃത്വത്തിലുള്ള സമരപ്പന്തലില്‍ പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഉഗ്ര സ്ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നത്. പരിസ്ഥിതിക്ക് വന്‍ തോതില്‍ ആഘാതമേകുന്ന രീതിയില്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിനെതിരെ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടന്നു കൊണ്ടിരിക്കുക്കയാണ്. ഇതേ തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഒന്നും പരിഹാരം കണ്ടില്ല.

ഡി.സി മുന്‍ പ്രസിഡണ്ട് യു.രാജീവന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് പ്രസിഡണ്ട് കെ.പി വേണുഗോപാല്‍, മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍, ചുക്കോത്ത് ബാലന്‍ നായര്‍, ടി.കെ ഗോപാലന്‍, ഒ.കെ കുമാരന്‍, എന്‍.ടി .ശിവാനന്ദന്‍, വി.വി ചന്തപ്പന്‍, വിശ്വനാഥന്‍ കെ തുടങ്ങിയവര്‍ സംബന്ധിച്ചു.